എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ റദ്ദാക്കി; കുവൈത്ത്-കോഴിക്കോട് യാത്രക്കാർ പ്രതിസന്ധിയിൽ
കുവൈത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ വീണ്ടും റദ്ദാക്കി. ഈ മാസം 31 വരെയുള്ള കുവൈത്ത്-കോഴിക്കോട് സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയത്. വിമാനത്താവളത്തിലെ നിയന്ത്രണങ്ങൾ കാരണമാണ് വിമാനങ്ങൾ റദ്ദാക്കുന്നതെന്നാണ് യാത്രക്കാർക്ക് ലഭിച്ച അറിയിപ്പ്.
അതേസമയം ഈ മാസം 31 മുതലും ഓഗസ്റ്റിലും സർവീസുകളിലേക്ക് സൈറ്റിൽ ബുക്കിങ് സൗകര്യമുണ്ട്. യാത്ര മുടങ്ങിയവർക്ക് ഏഴു ദിവസത്തിനുള്ളിൽ സൗജന്യമായി ടിക്കറ്റ് റീഷെഡ്യൂൾ ചെയ്യാനോ റദ്ദാക്കി പണം തിരികെ വാങ്ങാനോ സൗകര്യമൊരുക്കിയിട്ടുണ്ട്. ദീർഘകാല ഇടവേളക്ക് ശേഷം ജൂലൈ മൂന്നിനാണ് എയർ ഇന്ത്യ എക്സ്പ്രസ് കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്കും ബംഗളൂരുവിലേക്കും സർവീസുകൾ പുനരാരംഭിച്ചിരുന്നത്.
അതിനിടെ മേഖലയിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് മറ്റ് പ്രമുഖ എയർലൈനുകളും സർവീസുകൾ വെട്ടിച്ചുരുക്കിയിട്ടുണ്ട്. ജൂലൈ 31 വരെ കുവൈത്തിലേക്കുള്ള സർവീസുകൾ ഖത്തർ എയർവേസ് താൽക്കാലികമായി നിർത്തിവെച്ചു. ദുബായ്-കുവൈത്ത് പ്രതിദിന സർവീസുകൾ ഓഗസ്റ്റ് 21 വരെ റദ്ദാക്കിയതായി എമിറേറ്റ്‌സും അറിയിച്ചിട്ടുണ്ട്.