മസ്‌കത്ത്- തിരുവനന്തപുരം സർവീസ് എയർ ഇന്ത്യ എക്‌സ്പ്രസ് പുനരാരംഭിക്കുന്നു; ആശ്വാസമായി പുതിയ ഷെഡ്യൂൾ
ഒമാൻ തലസ്ഥാനമായ മസ്‌കത്തിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന സർവീസുകൾ ഓരോന്നായി പുനരാരംഭിക്കാനൊരുങ്ങി എയർ ഇന്ത്യ എക്‌സ്പ്രസ്. കണ്ണൂർ സർവീസിന് പിന്നാലെ മസ്‌കത്ത്-തിരുവനന്തപുരം സർവീസും കമ്പനി പുനഃസ്ഥാപിച്ചു. ഏപ്രിൽ 5 മുതൽ ഏപ്രിൽ 30 വരെയുള്ള പുതിയ ഷെഡ്യൂളിലാണ് തിരുവനന്തപുരം സർവീസിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. പത്ത് ദിവസം മുൻപ് മസ്‌കത്തിൽ നിന്നുള്ള എല്ലാ കേരള സർവീസുകളും റദ്ദാക്കിയത് പ്രവാസികൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിരുന്നു.
തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് തിരുവനന്തപുരത്തേക്കുള്ള സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. മസ്‌കത്തിൽ നിന്ന് രാത്രി 11:25-ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 4:55-ന് തിരുവനന്തപുരത്ത് എത്തും. ഇതേ ദിവസങ്ങളിൽ തന്നെ രാത്രി 8:10-ന് പുറപ്പെട്ട് പുലർച്ചെ 1:20-ന് എത്തുന്ന രീതിയിലാണ് കണ്ണൂർ സർവീസും ക്രമീകരിച്ചിരിക്കുന്നത്.
അതേസമയം, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ പുതിയ ഷെഡ്യൂളിലും ഉൾപ്പെടുത്തിയിട്ടില്ല എന്നത് യാത്രക്കാർക്ക് തിരിച്ചടിയാണ്. ഈ സെക്ടറുകളിലേക്കുള്ള സർവീസുകൾ എന്ന് പുനരാരംഭിക്കുമെന്ന കാര്യത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് ഇതുവരെ വ്യക്തത നൽകിയിട്ടില്ല. അവധിക്കാലം ആരംഭിക്കാനിരിക്കെ തിരുവനന്തപുരം, കണ്ണൂർ ഭാഗങ്ങളിലുള്ളവർക്ക് പുതിയ തീരുമാനം വലിയ ആശ്വാസമാകും.