ഗൾഫ് സർവീസുകൾ നിർത്തി എയർ ഇന്ത്യയും ഇൻഡിഗോയും; പശ്ചിമേഷ്യൻ വ്യോമപാതകൾ അടച്ചു

 

യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമാക്കി ഇറാൻ മിസൈൽ ആക്രമണം ശക്തമാക്കിയതോടെ പശ്ചിമേഷ്യയിലേക്കുള്ള വിമാന സർവീസുകൾ പ്രമുഖ വിമാനക്കമ്പനികൾ നിർത്തിവെച്ചു. എയർ ഇന്ത്യ, ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവ ഗൾഫ് മേഖലയിലേക്കുള്ള സർവീസുകൾ താൽക്കാലികമായി റദ്ദാക്കിയതായി അറിയിച്ചു. ഖത്തർ എയർവേയ്‌സ്, ടർക്കിഷ് എയർലൈനുകൾ എന്നിവ നേരത്തെ തന്നെ സർവീസുകൾ നിർത്തിയിരുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് ഈ അടിയന്തര തീരുമാനമെന്ന് വിമാനക്കമ്പനികൾ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ഇന്ന് രാത്രി 12 മണി വരെയുള്ള സർവീസുകളാണ് ഇൻഡിഗോ നിലവിൽ റദ്ദാക്കിയിരിക്കുന്നത്. പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യങ്ങൾ നിരന്തരം വിലയിരുത്തി വരികയാണെന്നും യാത്രക്കാർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാർ തങ്ങളുടെ വിമാനങ്ങളുടെ സ്റ്റാറ്റസ് ഓൺലൈനായി പരിശോധിക്കണമെന്നും എയർലൈനുകളുമായി ബന്ധപ്പെടണമെന്നും നിർദ്ദേശമുണ്ട്. ആക്രമണത്തെത്തുടർന്ന് ഇറാൻ, ഇറാഖ്, ഇസ്രായേൽ, യുഎഇ, ഖത്തർ എന്നീ രാജ്യങ്ങൾ വ്യോമപാതകൾ പൂർണ്ണമായോ ഭാഗികമായോ അടച്ചതോടെ ഈ മേഖലയിലൂടെയുള്ള വിമാനങ്ങൾ വഴിതിരിച്ചുവിടുകയാണ്.

അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത ആക്രമണത്തിന് പിന്നാലെ ബഹ്‌റൈൻ, കുവൈത്ത് എന്നിവിടങ്ങളിലെ യുഎസ് താവളങ്ങൾ ലക്ഷ്യമിട്ടും ഇറാൻ ആക്രമണം നടത്തിയിരുന്നു. പലയിടങ്ങളിലും സ്ഫോടനശബ്ദങ്ങൾ കേട്ടതായാണ് റിപ്പോർട്ട്. ഖത്തറിലും ബഹ്‌റൈനിലും യുഎസ് എംബസി തങ്ങളുടെ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.