ഗൾഫ് യാത്രക്കാർക്കായി എയർ ഇന്ത്യയുടെ നിർദേശം; മൂന്ന് മണിക്കൂർ മുമ്പ് എയർപോർട്ടിൽ എത്തണം
Jul 29, 2026, 10:14 IST
ഗൾഫ്, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്കായി പുതിയ യാത്രാ നിർദേശം പുറപ്പെടുവിച്ചു. വിമാനത്താവളങ്ങളിലെ തിരക്കും കർശനമായ സുരക്ഷാ-ഇമിഗ്രേഷൻ പരിശോധനകളും കണക്കിലെടുത്താണ് നടപടി.
പുതിയ നിർദേശപ്രകാരം വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂർ മുമ്പെങ്കിലും യാത്രക്കാർ എയർപോർട്ടിൽ റിപ്പോർട്ട് ചെയ്യണം. ഒന്നര മണിക്കൂർ മുമ്പ് ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്നും ഒരു മണിക്കൂർ മുമ്പെങ്കിലും ബോർഡിങ് ഗേറ്റിൽ എത്തണമെന്നും എയർ ഇന്ത്യ വ്യക്തമാക്കി.
നിശ്ചിത സമയത്തിന് മുമ്പായി ബോർഡിങ് ഗേറ്റുകൾ അടക്കുമെന്നും യാത്രാ രേഖകൾ കൃത്യമായി കൈവശം കരുതി ആവശ്യത്തിന് സമയം കണക്കാക്കി വിമാനത്താവളങ്ങളിൽ എത്തണമെന്നും എയർ ഇന്ത്യ ഗ്രൂപ്പ് അറിയിച്ചു.