ബഹ്റൈനിലും കുവൈത്തിലും വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ, ഖത്തറിലും ജാഗ്രതാ നിർദ്ദേശം

 

 

പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ ഗൾഫ് രാജ്യങ്ങൾക്ക് ഇറാന്‍റെ ആക്രമണം. ബഹ്റൈൻ, കുവൈത്ത്, ഖത്തർ എന്നീ രാജ്യങ്ങളിൽ പുലർച്ചെ മുതൽ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. ഇന്ന് പുലർച്ചെയുണ്ടായ വ്യോമാക്രമണ ഭീഷണിയെ തുടർന്ന് ബഹ്റൈനിൽ രണ്ട് തവണയാണ് അപായ സൈറണുകൾ മുഴങ്ങിയത്. രാജ്യം വലിയൊരു വ്യോമാക്രമണ ഭീഷണി നേരിട്ടതോടെ പൊതുജനങ്ങൾ പരിഭ്രാന്തരാകരുതെന്നും അടിയന്തരമായി ഏറ്റവും അടുത്തുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം സ്വദേശികൾക്കും പ്രവാസികൾക്കും നിർദ്ദേശം നൽകി.

ബഹ്റൈന് പിന്നാലെ കുവൈത്തിന് നേരെയും കനത്ത വ്യോമാക്രമണ ശ്രമമുണ്ടായി. രാജ്യത്തിന് നേരെ വന്ന മിസൈലുകളും ഡ്രോണുകളും കുവൈത്ത് വ്യോമപ്രതിരോധ സംവിധാനങ്ങൾ ആകാശത്തുവെച്ച് വിജയകരമായി പ്രതിരോധിച്ചു. ആക്രമണങ്ങളെ തടയുന്നതിനിടയിൽ ആകാശത്ത് വലിയ തോതിലുള്ള സ്ഫോടന ശബ്ദങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കുവൈത്ത് ആർമി ജനങ്ങൾക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. വൻ സ്ഫോടന ശബ്ദങ്ങൾ കേട്ട് ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും പ്രതിരോധ സംവിധാനങ്ങൾ സജ്ജമാണെന്നും സൈന്യം വ്യക്തമാക്കി.