ഗള്‍ഫിലെ വിമാനയാത്ര പ്രതിസന്ധി; വ്യോമയാന മന്ത്രിക്ക് കത്തയച്ച് കാന്തപുരം
Apr 20, 2026, 18:13 IST
ഗള്‍ഫ്-കേരള സെക്ടറില്‍ വിമാനയാത്രക്കാര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളില്‍ അതിവേഗ പരിഹാരം തേടി കേന്ദ്ര വ്യോമയാന മന്ത്രി കെ. റാം മോഹന്‍ നായിഡുവിന് കത്തയച്ച് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍. പശ്ചിമേഷ്യന്‍ യുദ്ധ സാഹചര്യത്തില്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാന നിരക്കിലുണ്ടായ വര്‍ധനവ് അനിശ്ചിതമായി നീളുന്നതും മുന്നറിയിപ്പില്ലാതെ യാത്രകള്‍ റദ്ദാക്കുന്നതും പ്രവാസികള്‍ക്ക് വലിയ പ്രയാസങ്ങള്‍ ഉണ്ടാക്കുന്നുവെന്നും വ്യക്തിപരവും തൊഴില്‍പരവും സാമ്പത്തികവുമായ പ്രതിസന്ധികള്‍ ഇവ സൃഷ്ടിക്കുന്നുണ്ടെന്നും കത്തില്‍ സൂചിപ്പിച്ചു.അമിത നിരക്കിനും വിമാനങ്ങളുടെ കുറവിനും പുറമെ മുടങ്ങിയ യാത്രകളുടെ റീഫണ്ട് നല്‍കാതിരിക്കാന്‍, സെക്ടര്‍ മാറ്റിയും തിയ്യതി നീട്ടിയും യാത്ര നിശ്ചയിക്കല്‍ തുടങ്ങിയവയും വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ഗള്‍ഫ് സെക്ടറില്‍ നിന്ന് കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നത് ഈ പ്രതിസന്ധി പരിഹരിക്കാന്‍ ഗുണം ചെയ്യുമെന്നും അവധിക്കാലം ഉള്‍പ്പെടെയുള്ള സീസണുകളും ഡിമാന്റും അനുസരിച്ച് വിമാനനിരക്ക് അനിയന്ത്രിതമായി വര്‍ധിപ്പിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ സജീവമായി ഇടപെടണമെന്നും മന്ത്രിയോട് അഭ്യര്‍ഥിച്ചു.