വിമാന യാത്രയ്ക്ക് ചെലവേറും; എയർ ഇന്ത്യയ്ക്ക് പിന്നാലെ ഇന്ധന സർചാർജ് ഏർപ്പെടുത്തി ഇൻഡിഗോയും
പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് വിമാന ഇന്ധനവില കുതിച്ചുയർന്ന സാഹചര്യത്തിൽ, ടിക്കറ്റ് നിരക്കിനൊപ്പം ഇന്ധന സർചാർജ് ഏർപ്പെടുത്തി ഇൻഡിഗോ എയർലൈൻസ്. എയർ ഇന്ത്യയ്ക്ക് പിന്നാലെയാണ് രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയും അധിക നിരക്ക് പ്രഖ്യാപിച്ചത്. മാർച്ച് 14 അർദ്ധരാത്രി മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.
ആഭ്യന്തര, അന്തർദേശീയ സർവീസുകൾക്ക് ഇനി അധിക തുക നൽകേണ്ടി വരും. ആഭ്യന്തര ടിക്കറ്റുകൾക്ക് 425 രൂപയാണ് വർദ്ധന. വിദേശ സർവീസുകളിൽ ഏറ്റവും ഉയർന്ന വർദ്ധന യൂറോപ്പിലേക്കുള്ള ടിക്കറ്റുകൾക്കാണ്; 2,300 രൂപ. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് 900 രൂപയും, തെക്കുകിഴക്കൻ ഏഷ്യ, ചൈന, ആഫ്രിക്ക എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റുകൾക്ക് 1,800 രൂപയും അധികമായി നൽകണം.
യുദ്ധസാഹചര്യത്തിൽ വിമാന ഇന്ധനത്തിന് (ATF) വൻതോതിൽ വില വർദ്ധിച്ചതാണ് വിമാനക്കമ്പനികളെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. അന്താരാഷ്ട്ര വ്യോമഗതാഗത സംഘടനയുടെ (IATA) കണക്കുപ്രകാരം ഇന്ത്യയടക്കമുള്ള മേഖലകളിൽ ഇന്ധനവിലയിൽ 85 ശതമാനത്തിലേറെ വർദ്ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം എയർ ഇന്ത്യയും ആഭ്യന്തര സർവീസുകൾക്ക് 399 രൂപ സർചാർജ് പ്രഖ്യാപിച്ചിരുന്നു. ഇന്ധനവില കുറയുന്നതനുസരിച്ച് സർചാർജ് ഒഴിവാക്കുമെന്നും കമ്പനികൾ അറിയിച്ചു.
പുതുക്കിയ സർചാർജ് നിരക്കുകൾ (ഇൻഡിഗോ):
-
ആഭ്യന്തര സർവീസുകൾ: 425 രൂപ
-
മിഡിൽ ഈസ്റ്റ്: 900 രൂപ
-
യൂറോപ്പ്: 2,300 രൂപ
-
മറ്റ് ഏഷ്യൻ രാജ്യങ്ങൾ/ആഫ്രിക്ക: 1,800 രൂപ