സർക്കാർ ജീവനക്കാർക്ക് ഫ്ലെക്സിബിൾ ജോലി സമയം പ്രഖ്യാപിച്ച് അജ്മാൻ

 

 

കടുത്ത വേനൽ ചൂടിൽ ജീവനക്കാർക്ക് ആശ്വാസമേകാൻ പുതിയ പദ്ധതിയുമായി അജ്മാൻ സർക്കാർ. ഈ വേനൽക്കാലത്ത് സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്കായി 'ഫ്ലെക്സിബിൾ വർക്കിംഗ് അവേഴ്സ്' (Flexible Working Hours) അഥവാ ജോലി സമയത്തിൽ ഇളവുകൾ അനുവദിച്ചുകൊണ്ട് അജ്മാൻ ഹ്യൂമൻ റിസോഴ്സസ് ഡിപ്പാർട്ട്മെന്റ് ഉത്തരവിറക്കി.

ജീവനക്കാരുടെ ജോലിസ്ഥലത്തെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനൊപ്പം അവരുടെ ആരോഗ്യ സുരക്ഷിതത്വവും കുടുംബജീവിതവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഈ താൽക്കാലിക ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ നിർദ്ദേശപ്രകാരം സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് രാവിലെ ജോലിക്ക് എത്തുന്നതിലും വൈകിട്ട് മടങ്ങുന്നതിലും നിശ്ചിത മാനദണ്ഡങ്ങൾക്ക് വിധേയമായി ഇളവുകൾ ലഭിക്കും.

കടുത്ത വേനൽക്കാലത്ത് ജീവനക്കാരുടെ യാത്രാക്ലേശം കുറയ്ക്കാനും ഉച്ചസമയത്തെ കടുത്ത ചൂടിൽ നിന്നുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും ഈ തീരുമാനം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ ഈ ഫ്ലെക്സിബിൾ സമയക്രമം പൊതുജനങ്ങൾക്ക് സർക്കാർ ഓഫീസുകളിൽ നിന്ന് ലഭിക്കുന്ന സേവനങ്ങളെ യാതൊരു വിധത്തിലും ബാധിക്കാത്ത രീതിയിലായിരിക്കണം നടപ്പിലാക്കേണ്ടതെന്നും, ഓഫീസുകളുടെ പ്രവർത്തന സമയം കൃത്യമായി പാലിക്കപ്പെടുമെന്നും ഹ്യൂമൻ റിസോഴ്സസ് ഡിപ്പാർട്ട്മെന്റ് പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്.