പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനത്തിൽ അഞ്ചു ശതകോടി ഡോളറിന്റെ വൻ നിക്ഷേപ പ്രഖ്യാപനം

 
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനത്തിൽ അഞ്ചു ശതകോടി ഡോളറിന്റെ (ഏകദേശം 42,000 കോടി രൂപ) വൻ നിക്ഷേപ പ്രഖ്യാപനം. ഇന്ത്യൻ അടിസ്ഥാന സൗകര്യ വികസന മേഖലയ്ക്കും ബാങ്കിങ് രംഗത്തിനുമായി യുഎഇ ഈ തുക അനുവദിക്കും.യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയിൽ പ്രതിരോധം, ഊർജം, വ്യാപാരം തുടങ്ങിയ മേഖലകളിൽ സുപ്രധാന ധാരണാപത്രങ്ങൾ ഒപ്പിട്ടു.ആർബിഎൽ ബാങ്ക്, സമ്മാൻ ക്യാപിറ്റൽ എന്നിവയിലും ഇന്ത്യൻ ഇൻഫ്രാസ്ട്രക്ചർ മേഖലയിലുമാണ് യുഎഇ പ്രധാനമായും നിക്ഷേപം നടത്തുക. ഇതിനുപുറമെ ദ്രവീകൃത പെട്രോളിയം ഗ്യാസ് (എൽപിജി) വിതരണം ചെയ്യുന്നതിനും സ്ട്രാറ്റജിക് പെട്രോളിയം റിസർവ് സംബന്ധിച്ചും പുതിയ കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു.ഗുജറാത്തിലെ വടിനാറിൽ കപ്പൽ അറ്റകുറ്റപ്പണിക്കായുള്ള ഷിപ്പ് റിപ്പയർ ക്ലസ്റ്റർ സ്ഥാപിക്കാനുള്ള ധാരണാപത്രവും ഇതിലുൾപ്പെടുന്നു.