ആന്റോ ആന്റണി എം.പി വെള്ളിയാഴ്ച സലാലയിൽ; പത്തനംതിട്ട അസോസിയേഷൻ ഉദ്ഘാടനം നിർവ്വഹിക്കും
പത്തനംതിട്ട എം.പിയും പ്രമുഖ കോൺഗ്രസ് നേതാവുമായ ആന്റോ ആന്റണി ജനുവരി 16 വെള്ളിയാഴ്ച ഒമാനിലെ സലാലയിൽ എത്തും. സലാലയിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ 'പത്തനംതിട്ട സലാല അസോസിയേഷന്റെ' ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കുന്നതിനാണ് അദ്ദേഹം എത്തുന്നത്. വെള്ളിയാഴ്ച രാവിലെ 10.20-ന് ഒമാൻ എയറിൽ സലാല വിമാനത്താവളത്തിൽ ഇറങ്ങുന്ന അദ്ദേഹത്തിന് അസോസിയേഷൻ ഭാരവാഹികൾ സ്വീകരണം നൽകും.
വൈകിട്ട് 7.30-ന് ഹംദാൻ പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ചാണ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പൊതുപരിപാടി നടക്കുന്നത്. ചടങ്ങിൽ അദ്ദേഹം മുഖ്യാതിഥിയായിരിക്കും. സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയിൽ വിവിധ കലാപരിപാടികളും അരങ്ങേറും. സലാലയിലെ പ്രവാസികളായ പത്തനംതിട്ട സ്വദേശികളുടെ കൂട്ടായ്മയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു സംഗമം ഒരുക്കിയിരിക്കുന്നത്.
സലാല സന്ദർശനത്തിനിടയിൽ ഐ.ഒ.സി (IOC) സലാല ഒരുക്കുന്ന സ്വീകരണ പരിപാടിയിലും അദ്ദേഹം പങ്കെടുത്തേക്കും. ഹ്രസ്വ സന്ദർശനം പൂർത്തിയാക്കി അന്നേ ദിവസം രാത്രി 11.30-നുള്ള ഒമാൻ എയർ വിമാനത്തിൽ അദ്ദേഹം കേരളത്തിലേക്ക് തിരിക്കും.