ഇൻഫ്ലുവൻസർമാരുടെ ശ്രദ്ധയ്ക്ക്: ലൈസൻസ് ഇല്ലെങ്കിൽ വൻ തുക പിഴ; സന്ദർശകർക്കും പെർമിറ്റ് നിർബന്ധം
യുഎഇയിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും കണ്ടന്റ് ക്രിയേറ്റർമാരും 31നകം പെർമിറ്റ് എടുത്തിരിക്കണമെന്ന് യുഎഇ മീഡിയ കൗൺസിൽ. ഇൻസ്റ്റഗ്രാം, ടിക്ടോക്, യുട്യൂബ് തുടങ്ങി സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെ ഉൽപന്നങ്ങളോ സേവനങ്ങളോ പ്രമോട്ട് ചെയ്യുന്ന സ്വദേശികൾക്കും വിദേശികൾക്കും സന്ദർശകർക്കും പെർമിറ്റ് നിർബന്ധം.പണം വാങ്ങിയുള്ള പരസ്യങ്ങൾക്കും പണത്തിനു പകരം സമ്മാനങ്ങളോ സൗജന്യ സേവനങ്ങളോ സ്വീകരിച്ചുകൊണ്ടുള്ള പ്രമോഷനുകൾക്കും നിയമം ബാധകം. ഇതേസമയം സ്വന്തം ഉൽപന്നങ്ങൾ സ്വന്തം അക്കൗണ്ടിലൂടെ പ്രമോട്ട് ചെയ്യുകയാണെങ്കിൽ പ്രത്യേക പെർമിറ്റ് ആവശ്യമില്ല.
ഇൻഫ്ലുവൻസർമാർക്ക് യുഎഇയിൽ നിയമപരമായി പ്രവർത്തിക്കുന്നതിനു ട്രേഡ്/ഫ്രീലാൻസ് ലൈസൻസ്, അഡ്വടൈസർ പെർമിറ്റ് എന്നീ രണ്ടു രേഖകൾ ആവശ്യമാണ്. ഡിപാർട്ട്മെന്റ് ഓഫ് ഇക്കണോമിക് ഡവലപ്‌മെന്റ് വഴിയോ ഫ്രീ സോണുകൾ വഴിയോ എടുക്കുന്ന ബിസിനസ് ലൈസൻസാണ് ആവശ്യം. യുഎഇ മീഡിയ കൗൺസിലിൽ നിന്ന് ലഭിക്കുന്ന പരസ്യം ചെയ്യാനുള്ള പ്രത്യേക അനുമതിയാണ് അഡ്വടൈസർ പെർമിറ്റ്.