ഉമ്മുൽ ഖുവൈനിൽ ഭാരവാഹനങ്ങൾക്ക് നിരോധനം; ലംഘിച്ചാൽ നടപടി
സുഗമമായ ഗതാഗതത്തിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഉമ്മുൽ ഖുവൈനിൽ ഭാരവാഹനങ്ങൾക്ക് (ട്രക്കുകൾ) പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി. ഡിസംബർ ഒന്നു മുതൽ നിയന്ത്രണം നിലവിൽ വരുമെന്ന് അധികൃതർ അറിയിച്ചു.ഉമ്മുൽ തൂബ് ഇൻഡസ്ട്രിയൽ ഏരിയയിലേക്കുള്ള എക്സിറ്റ് 103 പ്രവേശന കവാടത്തിലാണ് ഭാരവാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇവിടെ ട്രക്കുകൾ നിരോധിച്ചുകൊണ്ടുള്ള ബോർഡുകളും നിയമലംഘനം കണ്ടെത്തുന്നതിനായി റഡാറുകളും സജ്ജീകരിച്ചിട്ടുണ്ട്.
ഈ വഴിയെത്തുന്ന വാഹനങ്ങൾ എക്സിറ്റ് 110 വഴി തിരിഞ്ഞ് ഫ്രീ സോൺ പ്രവേശനം ഉപയോഗിച്ച് ഉമ്മുൽ ഥൂബ് ഇൻഡസ്ട്രിയൽ ഏരിയയിലേക്ക് പോകണമെന്ന് പൊലീസ് നിർദേശിച്ചു. യുഎഇയിലെ നിയമപ്രകാരം നിരോധിത റോഡുകളിലോ പ്രദേശങ്ങളിലോ പ്രവേശിക്കുന്ന ഭാരവാഹനങ്ങൾക്ക് 1000 ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ നാല് ബ്ലാക് പോയിന്റുകളും ലഭിക്കും.
ജനങ്ങളുടെ സുരക്ഷ മുൻനിർത്തി ദുബായിലടക്കം പ്രധാന റോഡുകളിലും ജനവാസ മേഖലകളിലും ട്രക്കുകൾക്ക് സമയബന്ധിതമായും പൂർണമായും നിയന്ത്രണങ്ങൾ നിലവിലുണ്ട്. നിയമലംഘനങ്ങൾ ഒഴിവാക്കാൻ എല്ലാവരും ബദൽ പാതകൾ ഉപയോഗിക്കണമെന്ന് സുരക്ഷാ വിഭാഗം ഓർമിപ്പിച്ചു