പൊതുസ്ഥലത്ത് ജാഗ്രത: അപരിചിത ക്യുആർ കോഡ് സ്കാൻ ചെയ്യരുത്; മുന്നറിയിപ്പ്

 

പൊതുസ്ഥലങ്ങളിലും സമൂഹമാധ്യമത്തിലും കാണുന്ന അപരിചിത ക്യുആർ കോഡുകൾ സ്കാൻ ചെയ്യരുതെന്ന് ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്. വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നതിനും ബാങ്ക് അക്കൗണ്ടുകൾ കൈക്കലാക്കുന്നതിനും തട്ടിപ്പുകാർ പുതിയ മാർഗങ്ങൾ തേടുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിർദേശം. ക്യുആർ കോഡുകൾ വഴി വ്യാജ വെബ്‌സൈറ്റുകളിലേക്കു നയിച്ച് പാസ്‌വേഡുകളും ക്രെഡിറ്റ് കാർഡ് വിവരങ്ങളും ചോർത്തുന്നതാണ് രീതി. ചില കോഡുകൾ സ്കാൻ ചെയ്യുന്നതോടെ ഫോണിലേക്ക് അപകടകാരികളായ സോഫ്റ്റ്‌വെയറുകൾ തനിയെ ഇൻസ്റ്റാൾ ആകാൻ സാധ്യതയുണ്ടെന്നും സൂചിപ്പിച്ചു.സുരക്ഷാ നിർദേശങ്ങൾ

വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്നുള്ള കോഡുകൾ മാത്രം സ്കാൻ ചെയ്യുക.

സ്കാൻ ചെയ്ത ശേഷം വരുന്ന യുആർഎൽ ഔദ്യോഗികമാണെന്ന് ഉറപ്പുവരുത്തുക.

ഫോണിൽ ആധുനിക സെക്യൂരിറ്റി സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കുക.

പൊതുസ്ഥലങ്ങളിൽ പതിപ്പിച്ചിരിക്കുന്ന സ്റ്റിക്കറുകളിലെ ക്യുആർ കോഡുകൾ സ്കാൻ ചെയ്യുമ്പോൾ പ്രത്യേക ജാഗ്രത പുലർത്തുക.

ബാങ്കിങ് ഇടപാടുകൾക്കും മറ്റും ഔദ്യോഗിക ആപ്പുകൾ മാത്രം ഉപയോഗിക്കുക

സംശയകരമായ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ e-Crime പ്ലാറ്റ്‌ഫോം വഴി റിപ്പോർട്ട് ചെയ്യുക

പാർക്കിങ് ലോട്ടുകളിലും മറ്റും ഒറിജിനൽ കോഡുകൾക്കു മുകളിൽ തട്ടിപ്പുകാർ സ്വന്തം കോഡുകൾ പതിപ്പിക്കാറുണ്ട്. ഇത് സ്കാൻ ചെയ്തു പണമടയ്ക്കുന്നത് പണം തട്ടിപ്പുകാരിലേക്ക് എത്താൻ കാരണമാകുമെന്നും ചൂണ്ടിക്കാട്ടുന്നു.