വിയറ്റ്നാമിലെ ബോട്ടപകടം: മലയാളികൾ ഉൾപ്പെടെ മരിച്ച 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കും; ബോട്ട് ക്യാപ്റ്റൻ കസ്റ്റഡിയിൽ

 

വിയറ്റ്നാമിലെ വിനോദസഞ്ചാര കേന്ദ്രമായ ഫൂക്വോക് (Phu Quoc) ദ്വീപിന് സമീപം സ്പീഡ് ബോട്ട് മുങ്ങി മരിച്ച രണ്ട് മലയാളികൾ ഉൾപ്പെടെ 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഇന്ന് വൈകുന്നേരത്തോടെ ഹോ ചി മിൻ സിറ്റിയിൽ എത്തിക്കും. ഇവിടെ നിന്ന് മൃതദേഹങ്ങൾ എത്രയും വേഗം ഇന്ത്യയിലേക്ക് കൊണ്ടുപോകാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.

32 ഇന്ത്യക്കാരും 4 ജീവനക്കാരുമായി പോയ സ്പീഡ് ബോട്ടാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ 2 മലയാളികൾക്കും, 10 തമിഴ്‌നാട് സ്വദേശികൾക്കും, 3 ആന്ധ്രാപ്രദേശ് സ്വദേശികൾക്കുമാണ് ജീവൻ നഷ്ടമായത്. കൊല്ലം കൊട്ടാരക്കര കിഴക്കേക്കര കൃപ നഗർ ആവിക്കോട്ട് ഹൗസിൽ എ.സി. തോമസ് (ജോമോൻ– 56), ഭാര്യ ലൗനി തോമസ് (56) എന്നിവരാണ് മരിച്ച മലയാളികൾ.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ബിസിനസുകാർക്കായി ഒരു പ്രമുഖ മൊബൈൽ ഫോൺ–ലാപ്‌ടോപ്പ് നിർമ്മാണ കമ്പനി ഏർപ്പെടുത്തിയ വിനോദയാത്രയ്ക്കിടെയാണ് ദുരന്തമുണ്ടായത്. മൃതദേഹങ്ങൾ എത്രയും വേഗം ജന്മനാട്ടിലെത്തിക്കാൻ വിയറ്റ്നാം അധികൃതരുമായി എംബസി നിരന്തരം ബന്ധപ്പെടുന്നുണ്ട്. അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ വിയറ്റ്നാം സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. അതേസമയം, അപകടത്തിൽപ്പെട്ടവർക്ക് ആവശ്യമായ വൈദ്യസഹായം ലഭിക്കാൻ വൈകിയതായും ആക്ഷേപമുണ്ട്.

ബോട്ട് ക്യാപ്റ്റൻ പൊലീസ് കസ്റ്റഡിയിൽ

അപകടവുമായി ബന്ധപ്പെട്ട് സ്പീഡ് ബോട്ടിന്റെ ക്യാപ്റ്റൻ നുയെൻ ഹോങ് ഹായിനെ (57) വിയറ്റ്നാം പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രാഥമിക അന്വേഷണത്തിൽ ഇയാൾ സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.