അബൂദബിയിൽ വാഹനാപകടം; സഹോദരങ്ങളായ മൂന്നു കുട്ടികളടക്കം നാലു മലയാളികൾ മരിച്ചു
Jan 5, 2026, 10:20 IST
അബൂദബി-ദുബൈ റോഡില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞ് നാലുപേര്‍ മരിച്ചു. മലപ്പുറം തിരൂര്‍ തൃപ്പനച്ചി കിഴിശ്ശേരി സ്വദേശി അബ്ദുല്‍ ലത്തീഫിന്റെയും ഭാര്യ വടകര കുന്നുമ്മക്കര സ്വദേശി റുക്സാനയുടെയും മക്കളായ അഷസ് (14), അമ്മാര്‍ (12), അയാഷ് (5) എന്നിവരും ഇവരുടെ സഹായി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയുമാണ് മരിച്ചത്.
അബ്ദുല്‍ലത്തീഫും റുക്സാനയും അബൂദബി ശൈഖ് ശഖ്ബൂത്ത് ആശുപത്രിയില്‍ തീവ്ര പരിചരണത്തിലാണ്. ശനിയാഴ്ച രാവിലെ അബൂദബി-ദുബൈ റോഡില്‍ ഷഹാമയ്ക്ക് അടുത്താണ് അപകടം.
ദുബൈയില്‍ താമസിക്കുന്ന കുടുംബം ലിവ ഫെസ്റ്റിവല്‍ കഴിഞ്ഞു മടങ്ങുകയായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. യു.എ.എയില്‍ തന്നെ ഖബറടക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.