കുവൈത്ത് വിമാനത്താവളത്തിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

 

ഇന്ത്യക്കാരൻ കൊല്ലപ്പെടുകയും മലയാളികളടക്കം ഒട്ടേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്ത കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിന് നേരെ ഇന്നലെ(ബുധൻ) നടന്ന ശക്തമായ ഡ്രോൺ ആക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങൾ അധികൃതർ പുറത്തുവിട്ടു. വിമാനത്താവളത്തിന്റെ പാസഞ്ചർ ടെർമിനലിലേക്ക് ഡ്രോൺ ഇടിച്ചുകയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.ടെർമിനൽ ഒന്നിലേക്കും നാലിലേക്കും ഡ്രോണുകൾ പതിക്കുന്ന ദൃശ്യങ്ങളാണ് കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തുവിട്ടത്. കിഴക്കുഭാഗത്തുനിന്ന് പറന്നുവന്ന ഡ്രോൺ ടെർമിനലിലേക്ക് ഇടിച്ചുകയറുന്നതും തുടർന്ന് വൻ തീപിടിത്തമുണ്ടാകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ആക്രമണത്തെത്തുടർന്ന് ടെർമിനലിന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകരുകയും പുകയും പൊടിയും നിറഞ്ഞതോടെ യാത്രക്കാർ പരിഭ്രാന്തരായി ഓടുകയും ചെയ്തു. വിപുലമായ നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്.