സുരക്ഷാ മേഖലകളിലെ സഹകരണം; കുവൈത്തും ഫ്രാൻസും ധാരണപത്രത്തിൽ ഒപ്പുവെച്ചു
സൈനിക, സുരക്ഷാ മേഖലകളിലെ ഏകോപനം, സംയുക്ത സഹകരണം, വൈദഗ്ധ്യ കൈമാറ്റം, പരിശീലനം എന്നിവ ഉൾപ്പെടുന്ന ധാരണപത്രത്തിൽ കുവൈത്ത് നാഷനൽ ഗാർഡും ഫ്രാൻസിന്റെ നാഷനൽ ജെൻഡർ മേരിയുമായി ഒപ്പുവെച്ചു. നാഷനൽ ഗാർഡിന്റെ അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ഹാഷിം അൽ റിഫായും കുവൈത്തിലെ ഫ്രാൻസ് അംബാസഡർ ഒലിവിയർ ഗൗവിനുമാണ് ഒപ്പുവെച്ചത്.
വിവിധ മേഖലകളിൽ ഫ്രാൻസുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് അമീർ ശൈഖ് മിശ്അൽ അൽ അഹ്‌മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് എന്നിവരുടെ താൽപര്യം നാഷനൽ ഗാർഡ് മേധാവി വ്യക്തമാക്കി. കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തിലെ പ്ലീനിപൊട്ടൻഷ്യറി മന്ത്രി മഹ്ദി അൽ അജ്മി, നാഷനൽ ഗാർഡിലെ ഓപറേഷൻസ് ആൻഡ് ട്രെയ്‌നിങ് അസിസ്റ്റന്റ് മേജർ ജനറൽ ഡോ.ഫലെഹ് ഷുജ, കുവൈത്തിലെ ഫ്രഞ്ച് സൈനിക അറ്റാഷെ കേണൽ ഫ്രാങ്കോയിസ് ഡെക്വിസ്, ഖത്തറിലെ ഫ്രഞ്ച് സുരക്ഷാ അറ്റാഷെ കേണൽ ജീൻ മോണിയർ എന്നിവരും ഒപ്പുവെക്കൽ ചടങ്ങിൽ പങ്കെടുത്തു.