ഗോൾഡൻ വീസ എടുത്തതിനു പിന്നാലെ ജോലി നഷ്ടമായി, ഹർജി തള്ളി കോടതി
കമ്പനി തന്നെ അന്യായമായി ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്നും ഒരു ലക്ഷം ദിർഹം (ഏകദേശം 25 ലക്ഷത്തിലേറെ രൂപ) നഷ്ടപരിഹാരം വേണമെന്നുമുള്ള മുൻ ജീവനക്കാരന്റെ ഹർജി അബുദാബി കോടതി തള്ളി. അബുദാബി ഫാമിലി, സിവിൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതിയുടേതാണ് നടപടി.2024 ജൂലൈ 11നാണ് ജീവനക്കാരൻ കമ്പനിയുമായി രണ്ടു വർഷത്തെ തൊഴിൽ കരാറിൽ ഒപ്പിടുന്നത്. 2025 ഓഗസ്റ്റിൽ ഇയാൾക്ക് യുഎഇ ഗോൾഡൻ വീസ ലഭിച്ചു. ഗോൾഡൻ വീസ നടപടികളുടെ ഭാഗമായി അന്നത്തെ തൊഴിൽ കരാറും റസിഡൻസി വീസയും വർക്ക് പെർമിറ്റും താൽക്കാലികമായി റദ്ദാക്കേണ്ടി വന്നു. ഗോൾഡൻ വീസ ലഭിച്ച ശേഷം പുതിയ തൊഴിൽ കരാർ നൽകാമെന്ന് കമ്പനി വാഗ്ദാനം ചെയ്തിരുന്നതായി ജീവനക്കാരൻ വാദിച്ചു.
എന്നാൽ, തൊഴിലില്ലായ്മ ഇൻഷുറൻസ് ആനുകൂല്യങ്ങൾക്കായി ഇൻഷുറൻസ് കമ്പനിയെ സമീപിച്ചപ്പോഴാണ് 2025 ഓഗസ്റ്റ് 11ന് തന്റെ കരാർ ഔദ്യോഗികമായി അവസാനിപ്പിച്ചതായും പുതിയ കരാറുകളൊന്നും റജിസ്റ്റർ ചെയ്തിട്ടില്ലെന്നും ജീവനക്കാരൻ അറിയുന്നത്. കരാർ റദ്ദാക്കി ഒരു മാസത്തിലധികം കഴിഞ്ഞതിനാൽ ഇൻഷുറൻസ് കമ്പനി ആനുകൂല്യം നിരസിക്കുകയും ചെയ്തു. കമ്പനിയുടെ നടപടി കാരണം തൊഴിലില്ലായ്മ ഇൻഷുറൻസ് ആനുകൂല്യം നഷ്ടപ്പെട്ടെന്നും സൗദി അറേബ്യയിൽ ലഭിക്കേണ്ടിയിരുന്ന 45,975 ദിർഹം ശമ്പളമുള്ള ജോലി നഷ്ടമായെന്നും ജീവനക്കാരൻ ആരോപിച്ചു.