യുഎഇയിലെ ഇന്ത്യക്കാരുടെ പാസ്‌പോർട്ട് സേവനങ്ങളിലെ പ്രതിസന്ധി നീളുന്നു

 

 

യുഎഇയിലെ ഇന്ത്യക്കാരുടെ പാസ്‌പോർട്ട് സേവനങ്ങളിലെ പ്രതിസന്ധി നീളുന്നു. പുതിയ സേവന ദാതാക്കളായ അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് ചുമതല ഏറ്റെടുക്കുന്നത് നിയമക്കുരുക്കിലായതോടെയാണ് പ്രതിസന്ധി ഉണ്ടായത്. നൂറുകണക്കിന് പ്രവാസികളാണ് കോൺസുലേറ്റിലും എംബസ്സിയിലും സേവനത്തിനെത്തി ദുരിതം അനുഭവിക്കുന്നത്. അൽ ഹിന്ദിന് സേവനം നൽകുന്നതിനെതിരേ ഡൽഹി ഹൈക്കോടതിയിൽ പരാതി സമർപ്പിക്കപ്പെട്ടതാണ് നിയമക്കുരുക്കിലേക്ക് വഴിവെച്ചത്. ടെൻഡറിൽ പങ്കെടുത്ത വെരാസിസ്, ഇ ട്രാവ് ടെക് കമ്പനികളാണ് പരാതി നൽകിയിട്ടുള്ളത്. ഈമാസം 13-നാണ് കോടതി കേസ് പരിഗണിക്കുക.

അബുദാബിയിലെ ഇന്ത്യൻ എംബസ്സിയിലും കോൺസുലേറ്റിലും താൽക്കാലിക കേന്ദ്രങ്ങൾ സജീകരിച്ചിട്ടുണ്ടെങ്കിലും ഇത് പര്യാപ്തമല്ല. ഓരോ ദിവസവും സ്ത്രീകൾ അടക്കം നൂറുകണക്കിന് പേരാണ് ഇവിടെ എത്തുന്നത്. അവർക്ക് ആവശ്യമായ സേവനം നൽകാൻവേണ്ട ജീവനക്കാരോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ല. മാത്രമല്ല, 45 ഡിഗ്രി സെൽഷ്യസ് വരെ എത്തി നിൽക്കുന്ന കൊടും ചൂടിലാണ് ഇവർ ക്യൂ നൽക്കേണ്ടി വരുന്നത്.

അൽഐൻ, ഫുജൈറ, റാസൽഖൈമ, ഉമ്മുൽഖുവെയ്ൻ തുടങ്ങിയ ദൂര സ്ഥലങ്ങളിൽ എത്തുന്നവർക്കും നിലവിലെ സേവന കേന്ദ്രങ്ങൾ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12.30 വരെ മാത്രമാണ് ഈ കേന്ദ്രങ്ങളിൽ സേവനം ലഭിക്കുക. മൂന്നര മണിക്കൂറിനുള്ള നാമമാത്രമായ ആളുകൾക്ക് മാത്രമാണ് സേവനം നൽകാൻ കഴിയുക.

മാത്രമല്ല, പുതിയ നിരക്കാണ്‌ പാസ്‌പോർട്ട്, സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷനായി ഈടാക്കുന്നത്. ഈ തുക ചില്ലറയായി കൊണ്ടുവരണമെന്നാണ് നിർദ്ദേശം. അപേക്ഷയുമായി എത്തുന്നവർക്ക് ഫോട്ടോസ്റ്റാറ്റ് എടുക്കാനോ ഫോട്ടോ എടുക്കാനോ ആവശ്യമായ സൗകര്യങ്ങളും ഇവിടെ ഇല്ല.