പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ് നൽകാനുള്ള തീരുമാനം സ്വാഗതാർഹം: കെ.എം.സി.സി ബഹ്‌റൈൻ
Oct 7, 2026, 21:51 IST
രണ്ട് വർഷമെങ്കിലും പ്രവാസ ജീവിതം നയിച്ച് നാട്ടിലേക്ക് തിരിച്ചെത്തിയ പ്രവാസി കേരളീയർക്ക് നോർക്ക റിട്ടേണി ഐഡി കാർഡ് അനുവദിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം ഏറെ സ്വാഗതാർഹമാണെന്ന് കെ.എം.സി.സി ബഹ്‌റൈൻ. പ്രവാസികളുടെ ദീർഘകാലത്തെ ആവശ്യത്തിനാണ് ഇതോടെ പരിഹാരമായിരിക്കുന്നതെന്ന് കെ.എം.സി.സി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്‌മാനും ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങരയും പ്രസ്താവനയിൽ വ്യക്തമാക്കി.
പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങിയെത്തിയവർക്ക് സർക്കാർ ആനുകൂല്യങ്ങളും പ്രവാസി ക്ഷേമ പദ്ധതികളും എളുപ്പത്തിൽ ലഭ്യമാക്കാൻ ഈ കാർഡ് സഹായകരമാകും. പ്രവാസി സംഘടനകളുടെ നിരന്തര ഇടപെടലുകളുടെ ഫലമായി കൈക്കൊണ്ട ഈ തീരുമാനം സ്വാഗതാർഹമാണെന്നും, പ്രവാസികളുടെ മറ്റ് ക്ഷേമ ആവശ്യങ്ങൾ കൂടി സർക്കാർ അടിയന്തരമായി പരിഗണിക്കണമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.