അപകടവാർത്തകളിൽ വ്യാജപ്രചാരണം വേണ്ട; മുന്നറിയിപ്പുമായി റാസൽഖൈമ പൊലീസ്
Nov 25, 2026, 14:12 IST
വ്യാജവാർത്തകളും സ്ഥിരീകരിക്കാത്ത വിവരങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്ന് റാസൽഖൈമ പൊലീസ്. ഔദ്യോഗിക കേന്ദ്രങ്ങളിൽനിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും ആവശ്യപ്പെട്ടു. വ്യാജവാർത്തകളും കിംവദന്തികളും പ്രചരിപ്പിച്ചാൽ കുറഞ്ഞത് ഒരു വർഷം തടവും ഒരു ലക്ഷം ദിർഹം പിഴയും ലഭിക്കാം.പൊതുജനങ്ങളിൽ പരിഭ്രാന്തി പരത്തുകയോ രാജ്യസുരക്ഷയ്ക്കും സമ്പദ്വ്യവസ്ഥയ്ക്കും ഭീഷണിയാകുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ കുറഞ്ഞത് 2 വർഷം തടവും 2 ലക്ഷം ദിർഹം പിഴയുമാണ് ശിക്ഷ. അപകടങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളും വിഡിയോകളും പഴയ സംഭവങ്ങളുടേതാണോ എന്ന് പരിശോധിക്കണം. വാട്സാപ്പിൽ ലഭിക്കുന്ന സന്ദേശങ്ങൾ ഉറവിടം ഉറപ്പാക്കാതെ കൈമാറരുതെന്നും പൊലീസ് നിർദേശിച്ചു.