എണ്ണ പൈപ്പ്‌ലൈനിന് നേരെ ഇറാഖിൽ നിന്നുള്ള ഡ്രോൺ ആക്രമണം‍; ശക്തമായി അപലപിച്ച് സൗദി

 

 

സൗദി അറേബ്യയുടെ റിയാദ്, മദീന മേഖലകളിലൂടെ കടന്നുപോകുന്ന സുപ്രധാന ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്‌ലൈനിന് നേരെ ഇറാഖി മണ്ണിൽ നിന്ന് ഉണ്ടാകുന്ന ഡ്രോൺ ആക്രമണത്തെ സൗദി വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ആക്രമണത്തിൽ ചിലർക്ക് പരിക്കേൽക്കുകയും ഭൗതിക നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതായി പ്രസ്താവനയിൽ വ്യക്തമാക്കി. നിലവിൽ തകരാറിലായ പൈപ്പ്‌ലൈൻ പൂർണസ്ഥിതിയിലാക്കാനുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്.

അയൽരാജ്യങ്ങൾക്കും സൗദിക്കുമെതിരെ ഇറാഖി മണ്ണ് ഉപയോഗിച്ച് ഇത്തരം ആക്രമണങ്ങൾ നടത്തുന്നത് തടയാൻ ഭരണകൂടത്തിന് സമയം നൽകണമെന്ന് ഇറാഖ് പ്രധാനമന്ത്രി അഭ്യർത്ഥിച്ചിരുന്നു. ഇതേത്തുടർന്ന്, ഇറാഖി സർക്കാരിന്റെ നടപടികൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഈ ഘട്ടത്തിൽ നേരിട്ടുള്ള പ്രത്യാക്രമണങ്ങളിൽ നിന്ന് സൗദി അറേബ്യ മാറിനിൽക്കാൻ തീരുമാനിക്കുകയായിരുന്നു. താൽക്കാലികമായി തിരിച്ചടി ഒഴിവാക്കിയെങ്കിലും, രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനും തന്ത്രപ്രധാന സ്ഥാപനങ്ങൾ, പൗരന്മാർ, പ്രവാസികൾ എന്നിവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ ഏത് നടപടിയും സ്വീകരിക്കാനുള്ള പൂർണ്ണ അവകാശം സൗദി അറേബ്യയിൽ നിക്ഷിപ്തമാണെന്ന് മന്ത്രാലയം എടുത്തുപറഞ്ഞു. ഇറാഖ് തങ്ങളുടെ അതിർത്തിയ്ക്കുള്ളിലെ അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് സൗദി അറേബ്യ പ്രതീക്ഷിക്കുന്നത്.