മിഠായിയിലും എ4 പേപ്പറുകളിലും മയക്കുമരുന്ന്; ജാഗ്രതാ നിര്‍ദേശവുമായി യു.എ.ഇ
കുട്ടികളെയും കൗമാരക്കാരെയും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് മാഫിയക്കെതിരെ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവുമായി യു.എ.ഇ അധികൃതര്‍. മിഠായികള്‍, എ4 പേപ്പര്‍, അപരിചിതമായ ഡെലിവറി സര്‍വീസുകള്‍ തുടങ്ങിയവ വഴി മയക്കുമരുന്ന് കടത്തുന്ന രീതികള്‍ക്കെതിരെ രക്ഷിതാക്കളുടെയും പൊതുജനങ്ങളുടെയും അതീവ ശ്രദ്ധയുണ്ടാവണമെന്നാണ് യു.എ.ഇ നാഷനല്‍ ആന്റി നാര്‍ക്കോട്ടിക്‌സ് അതോറിറ്റിയുടെ നിര്‍ദേശം. സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തിയ പുതിയ കടത്തുരീതികള്‍ മുന്‍നിര്‍ത്തി കുടുംബങ്ങളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാനാണ് ബോധവല്‍കരണ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
മയക്കുമരുന്ന് ലായനി രൂപത്തിലാക്കി എ4 പേപ്പറില്‍ കലര്‍ത്തി കടത്തുന്നതാണ് രീതികളിലൊന്ന്. ഇത് കണ്ടുപിടിക്കുന്നത് ഏറെ പ്രയാസകരമാണ്. മിഠായികള്‍ക്കുള്ളില്‍ ഒളിപ്പിച്ചു കടത്തല്‍, സര്‍പ്രൈസ് ഗിഫ്‌റ്റെന്ന വ്യാജേന കൊറിയര്‍ വഴിയോ ഡെലിവറി ഏജന്‍സികള്‍ മുഖേനയോ അജ്ഞാത നമ്പറുകളില്‍ നിന്ന് പാഴ്‌സലുകള്‍ എത്തിക്കല്‍ എന്നിവയാണ് മറ്റ് രീതികള്‍. അജ്ഞാതരായ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും എത്തുന്ന സമ്മാനങ്ങളോ ഡെലിവറികളോ സംശയകരമായ പാഴ്‌സലുകളോ സ്വീകരിക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.