ഫ്ലെയിം ട്രീ സീസൺ' പ്രഖ്യാപിച്ച് ദുബായ്, താമസക്കാർക്ക് തൈകൾ സൗജന്യം
കടുത്ത വേനൽക്കാലത്ത് നഗരത്തിന് തണലും ദൃശ്യഭംഗിയും സമ്മാനിക്കുന്ന വാകമരങ്ങളുടെ (ഗുൽമോഹർ) സീസൺ ഒരു സാംസ്കാരിക ഉത്സവമാക്കി മാറ്റി ദുബായ്. ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷന്റെ കീഴിലുള്ള ദുബായ് ഡിസൈൻ ലാബ് മേയ് 1 മുതൽ ജൂലൈ 31 വരെയാണ് 'ഫ്ലെയിം ട്രീ സീസൺ' ആയി ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി ദുബായിലെ സ്വദേശികൾക്കും താമസക്കാർക്കുമായി വാകമരത്തിന്റെ തൈകൾ സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്.ദുബായിലെ തെരുവുകളിലും വീടുകളിലും പാർക്കുകളിലും പൊതുവിടങ്ങളിലും വാകമരങ്ങൾ വച്ചുപിടിപ്പിക്കുന്ന പദ്ധതി വ്യാപിപ്പിക്കാൻ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് നിർദേശം നൽകിയിരുന്നു. താൽപര്യമുള്ള താമസക്കാർക്ക് തൈകൾ വിതരണം ചെയ്യാൻ ഉത്തരവിട്ടതും ഇതിന്റെ ഭാഗമായാണ്. ദുബായ് മുനിസിപാലിറ്റിയുടെ സഹകരണത്തോടെയാണ് തൈകളുടെ വിതരണവും നടീലും പുരോഗമിക്കുന്നത്. നഗരത്തിൽ ഇതിനകം തന്നെ അര ലക്ഷത്തിലധികം വാകമരങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഏകദേശം 60 വർഷം വരെ ആയുസ്സുള്ള വാകമരങ്ങൾ 12 മീറ്റർ വരെ ഉയരത്തിൽ വളരും. ഇവയുടെ തണൽ മണ്ണിലെ താപനില അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ കുറയ്ക്കാൻ സഹായിക്കുമെന്നാണ് കണ്ടെത്തൽ. കഠിനമായ ചൂടിലും അതിജീവനശേഷിയുള്ള ഈ മരങ്ങൾ ദുബായിയുടെ സഹിഷ്ണുതയുടെയും പൊരുത്തപ്പെടലിന്റെയും പ്രതീകമാണെന്ന് ഫ്ലെയിം ട്രീ സീസൺ പ്രൊജക്ട് ലീഡ് റാഫിയ ബിൻ സുലൈമാൻ പറഞ്ഞു.
വേനലിൽ പൂത്തുലയുന്ന വാകമരങ്ങളെ കേവലം ഒരു വൃക്ഷത്തൈ നടീൽ ക്യാംപെയിനപ്പുറം ജനങ്ങൾ ഒത്തുചേരുന്ന ഒരു സാംസ്കാരിക കൂട്ടായ്മയാക്കി മാറ്റാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഇതിനായി നാൽപതോളം പ്രമുഖ ബ്രാൻഡുകളുമായും ക്രിയേറ്റർമാരുമായും സഹകരിച്ച് വിവിധ പരിപാടികളും ദുബായിൽ സംഘടിപ്പിക്കുന്നുണ്ട്. ഏപ്രിൽ അവസാനത്തോടെ പൂക്കാൻ തുടങ്ങുന്ന വാകമരങ്ങൾ മേയ്, ജൂൺ മാസങ്ങളിലാണ് നഗരത്തിന് ചുവപ്പും ഓറഞ്ചും കലർന്ന വർണവിസ്മയം തീർക്കുന്നത്.