താമസ കേന്ദ്രങ്ങൾ ഷെയർ ചെയ്യുന്നതിനും മറിച്ചുവിൽക്കുന്നതിനും കർശന നിയന്ത്രണവുമായി ദുബൈ
വാടകച്ചെലവ് കുറക്കുന്നതിനായി ഷെയറിങ് താമസ കേന്ദ്രങ്ങളെ ആശ്രയിക്കുന്ന പ്രവാസികൾക്ക് കർശന നിർദേശങ്ങളുമായി ദുബൈ ഭരണകൂടം. സബ് കോൺട്രാക്ട് അടിസ്ഥാനത്തിൽ റൂമുകൾ വാടകക്ക് നൽകുന്ന അനധികൃത സബ്‌ലെറ്റിങ്ങും, അമിതമായി ആളുകൾ തിങ്ങിപ്പാർക്കുന്ന ബെഡ്‌സ്പേസ് രീതികളും തടയുന്നതിനായി 2026 ദുബൈ ഗസറ്റ് വിജ്ഞാപനത്തിലെ നിയമ നമ്പർ 4 അടുത്ത മാസം ആദ്യത്തോടെ പൂർണതോതിൽ പ്രാബല്യത്തിൽ വരികയാണ്. ഇക്കഴിഞ്ഞ മാർച്ചിലാണ് ഇതുസംബന്ധിച്ച ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം പുറത്തുവന്നത്. ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 180 ദിവസത്തെ കാലാവധി പൂർത്തിയാകുന്നതോടെയാണ് നിയമം ഔദ്യോഗികമായി നടപ്പിലാകുന്നത്.
താമസക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് പുതിയ പെർമിറ്റ് സംവിധാനവും നിയന്ത്രണങ്ങളും. പ്രോപ്പർട്ടി ഉടമകൾ, ലൈസൻസുള്ള ഓപറേറ്റർമാർ, ഷെയറിങ് താമസത്തിനായി പ്രത്യേകം നിശ്ചയിച്ച യൂനിറ്റുകളിൽ താമസിക്കുന്നവർ എന്നീ മൂന്ന് വിഭാഗങ്ങൾക്കാണ് നിയമം പ്രധാനമായും ബാധകമാകുക. പ്രോപ്പർട്ടി ഉടമയുടെ രേഖാമൂലമുള്ള മുൻകൂർ അനുമതിയില്ലാതെ അപാർട്ട്മെന്റോ അതിലെ മുറികളോ മറ്റൊരാൾക്ക് മറിച്ചു നൽകാൻ വാടകക്കാരന് നിയമപരമായി അനുവാദമില്ല. വാടകക്കരാറിൽ മറിച്ചു വിൽക്കാനുള്ള അനുമതി വ്യക്തമായി നൽകിയിട്ടുണ്ടെങ്കിൽ മാത്രമാണ് ഇതിൽ ഇളവുള്ളത്. ഉടമയുടെ അനുമതിയില്ലാതെ മുറികൾ മറിച്ചുനൽകിയാൽ കരാർ ലംഘനമായി കണക്കാക്കി നിയമനടപടി നേരിടേണ്ടിവരും.
എന്നാൽ, കുടുംബാംഗങ്ങളോടൊപ്പമുള്ള താമസവും ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത താമസക്കാരെ കൂടെ പാർപ്പിക്കുന്നതും നിയമവിധേയമാണ്. അതേസമയം, അനൗദ്യോഗികമായി കിടക്കകളോ മുറികളോ വാടകക്ക് നൽകുന്നതും ആവശ്യമായ അനുമതികളില്ലാതെ താൽക്കാലിക പാർട്ടീഷനുകൾ നിർമിക്കുന്നതും പരിധിയിൽ കവിഞ്ഞ് ആളുകളെ താമസിപ്പിക്കുന്നതും നിയമവിരുദ്ധമായ പരസ്യങ്ങൾ നൽകി ആളുകളെ ആകർഷിക്കുന്നതും പൂർണമായും നിരോധിച്ചിട്ടുണ്ട്.