വിദൂരപഠന സംവിധാനത്തിൽ രണ്ട് നൂതന പദ്ധതികളുമായി ദുബായ്

 

രാജ്യത്ത് വിദൂരപഠന സംവിധാനം (ഡിസ്റ്റൻസ് ലേണിങ്) ഏർപ്പെടുത്തുന്ന സാഹചര്യങ്ങളിൽ കുട്ടികളുടെ പഠനം തടസ്സമില്ലാതെ തുടരാൻ പുതിയ സേവനങ്ങളുമായി ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ). ആറ് വയസ്സ് വരെയുള്ള കുട്ടികൾക്കായി ‘സിഎൽഎച്ച്എൽ ഹബ്’, ‘സിഎൽഎച്ച്എൽ എജ്യുക്കേറ്റേഴ്‌സ്’ എന്നീ രണ്ട് നൂതന പദ്ധതികളാണ് സ്വകാര്യ എർലി ചൈൽഡ്ഹുഡ് സെന്ററുകൾക്കായി അവതരിപ്പിച്ചത്.സർക്കാർ നിർദ്ദേശപ്രകാരം സ്കൂളുകൾക്ക് അവധി നൽകുകയോ ദൂരപഠനത്തിലേക്ക് മാറേണ്ടിവരികയോ ചെയ്യുന്ന സാഹചര്യങ്ങളിൽ മാത്രമാണ് ഈ സേവനം ലഭ്യമാകുക.

∙ സിഎൽഎച്ച്എൽ ഹബ്
അംഗീകാരമുള്ള വീടുകളിൽ എട്ട് കുട്ടികൾ വരെ അടങ്ങുന്ന ചെറിയ ഗ്രൂപ്പുകളായി നഴ്സറി മാതൃകയിൽ പഠനം നടത്താം. നഴ്സറിയിലെ ജീവനക്കാരുടെ നേരിട്ടുള്ള മേൽനോട്ടം ഇവിടെയുണ്ടാകും.

∙സിഎൽഎച്ച്എൽ എജ്യുക്കേറ്റേഴ്‌സ്
കെഎച്ച്ഡിഎയിൽ റജിസ്റ്റർ ചെയ്ത യോഗ്യരായ അധ്യാപകർ കുട്ടികളുടെ വീടുകളിലെത്തി നേരിട്ട് ക്ലാസുകൾ നൽകുന്ന രീതിയാണിത്.∙ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ല
ക്ലാസുകൾ സെന്ററുകൾക്ക് പുറത്തേക്ക് മാറുന്നുണ്ടെങ്കിലും കുട്ടികളുടെ സുരക്ഷയിലും പഠന നിലവാരത്തിലും യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് അതോറിറ്റി വ്യക്തമാക്കി. ലൈസൻസ് അംഗീകാരം, സുരക്ഷാ പരിശോധനകൾ, രക്ഷിതാക്കളുമായുള്ള കരാർ, ഇൻഷുറൻസ് പരിരക്ഷ ഉൾപ്പെടെ ഏഴ് പ്രധാന നിബന്ധനകൾ പാലിച്ചായിരിക്കണം ഇവ പ്രവർത്തിക്കേണ്ടത്.

എല്ലാ സാഹചര്യങ്ങളിലും കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് കെഎച്ച്ഡിഎ സിഇഒ ഡോ. ആംന അൽ മാസ്മി പറഞ്ഞു. പുതിയ സംവിധാനം രക്ഷിതാക്കൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുമെന്നും വിദ്യാഭ്യാസ രംഗത്തെ ഏത് തടസ്സങ്ങളെയും നേരിടാൻ ദുബായ് സജ്ജമാണെന്നും അവർ കൂട്ടിച്ചേർത്തു.