ദുബായ് ലോഞ്ചെവിറ്റി അതോറിറ്റി രൂപീകരിച്ചു; പ്രസിഡന്റായി ചുമതലയേൽക്കാൻ ഷെയ്ഖ് ഹംദാൻ

 

ദുബായെ അത്യാധുനിക ആരോഗ്യ പരിരക്ഷ, വെൽനസ്, നിയന്ത്രിത ആയുർദൈർഘ്യ ഗവേഷണം (Longevity) എന്നിവയുടെ ലോകത്തിലെ ഏറ്റവും മുൻനിര ഹബ്ബാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ പുതിയ അതോറിറ്റി രൂപീകരിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇത് സംബന്ധിച്ച 2026ലെ 17-ാം നമ്പർ നിയമം പുറപ്പെടുവിച്ചു. ‘ദുബായ് ലോഞ്ചെവിറ്റി അതോറിറ്റി’ (ഡിഎൽഎ) എന്ന പേരിൽ രൂപീകരിച്ച ഈ പുതിയ സ്ഥാപനം ഈ മേഖലയിലേക്കുള്ള ആഗോള നിക്ഷേപങ്ങളെ ആകർഷിക്കുന്നതിലും പ്രധാന പങ്ക് വഹിക്കും.പുതിയ ഉത്തരവ് പ്രകാരം ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അതോറിറ്റിയുടെ പ്രസിഡന്റായി ചുമതലയേൽക്കും. ദുബായ് ഇക്കണോമി ആൻഡ് ടൂറിസം ഡിപാർട്ട്മെന്റ് (ഡിഇടി) ഡയറക്ടർ ജനറൽ ഹിലാൽ സയീദ് അൽമർറിയെ അതോറിറ്റിയുടെ ചെയർമാനായും നിയമിച്ചിട്ടുണ്ട്. ജനങ്ങളുടെ ആരോഗ്യവും ജീവിതനിലവാരവുമാണ് രാജ്യത്തിന്റെ യഥാർഥ സമ്പത്തെന്നും ശാസ്ത്ര-സാങ്കേതിക രംഗത്തെ ഓരോ മുന്നേറ്റവും മനുഷ്യരാശിയുടെ നന്മയ്ക്കായിരിക്കണം ഉപയോഗിക്കേണ്ടതെന്നും ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.

ദുബായുടെ തന്ത്രപ്രധാന സാമ്പത്തിക അജണ്ടയായ ‘ഡി33’, സോഷ്യൽ അജണ്ട 33 എന്നിവയുടെ ലക്ഷ്യങ്ങൾക്ക് പുതിയ അതോറിറ്റിയുടെ രൂപീകരണം വലിയ പിന്തുണയാകും നൽകുക. ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് നഗരങ്ങളിൽ ഒന്നായി ദുബായെ മാറ്റാനും ജനങ്ങളുടെ ആരോഗ്യകരമായ ആയുർദൈർഘ്യം വർധിപ്പിക്കാനും ഇതിലൂടെ സാധിക്കും.