എഐ വക്താവുമായി ദുബായ് നഗരസഭ; ആശയവിനിമയ രംഗത്ത് പുതിയ ചുവടുവെപ്പ്
നിർമിതബുദ്ധി (എഐ) സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ ഡിജിറ്റൽ വക്താവായ 'സഈദിനെ' ദുബായ് നഗരസഭ ഔദ്യോഗികമായി പുറത്തിറക്കി. നഗരസഭയുടെ നേട്ടങ്ങൾ, വാർത്തകൾ, വിവിധ സേവനങ്ങൾ, പുതിയ പദ്ധതികൾ എന്നിവ ജനങ്ങളിലേക്ക് കൂടുതൽ ലളിതമായും സമ്പർക്ക സ്വഭാവത്തോടെയും എത്തിക്കാൻ ലക്ഷ്യമിട്ടാണ് ഈ പരിഷ്കാരം. സ്മാർട്ട് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ രംഗത്ത് ദുബായുടെ ആഗോള നേതൃത്വവും നവീകരണവും അടിവരയിടുന്നതാണ് പുതിയ സംരംഭം.ഔദ്യോഗിക ദേശീയ വസ്ത്രം ധരിച്ച് പൂർണമായും എമിറാത്തി ഭാവങ്ങളോടെയാണ് 'സഈദിനെ' ഡിജിറ്റൽ മാധ്യമങ്ങളിൽ രൂപകൽപന ചെയ്തിരിക്കുന്നത്. സന്തോഷം, പ്രത്യാശ എന്നിവയെ സൂചിപ്പിക്കുന്നതാണ് 'സഈദ്' എന്ന പേര്. നഗരസഭയുടെ ഔദ്യോഗിക വിവരങ്ങളെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നതിനാൽ കൃത്യവും പുതുക്കിയതുമായ വിവരങ്ങൾ വേഗത്തിൽ നൽകാൻ ഇതിന് സാധിക്കും. മികച്ച അറബിക് ശബ്ദത്തിന് പുറമെ ഇംഗ്ലീഷ്, ഉറുദു, ചൈനീസ് ഉൾപ്പെടെയുള്ള വിവിധ ഭാഷകളിൽ സംസാരിക്കാനുള്ള കഴിവും ഈ ഡിജിറ്റൽ വക്താവിനുണ്ട്. വാർത്താ സമ്മേളനങ്ങൾ, ബോധവൽക്കരണ വിഡിയോകൾ, ഔദ്യോഗിക വെബ്സൈറ്റ്, സാമൂഹിക മാധ്യമങ്ങൾ, പൊതു പരിപാടികൾ എന്നിവയിലെല്ലാം സഈദിന്റെ സേവനം ലഭ്യമാക്കും.
നഗരസഭയുടെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളെയും പുതിയ പദ്ധതികളെയും പരിചയപ്പെടുത്തുന്നതിനൊപ്പം പൊതുജനങ്ങളുടെ സംശയങ്ങൾക്ക് കൃത്യമായ മറുപടി നൽകാനും ഈ സംവിധാനം ഉപയോഗിക്കും. കൂടാതെ, ജീവനക്കാർക്കായുള്ള ആഭ്യന്തര ആശയവിനിമയങ്ങൾക്കും നഗരസഭയുടെ പുതിയ അറിയിപ്പുകൾ കൈമാറുന്നതിനും സഈദിന്റെ സഹായം തേടും. വരും ദിവസങ്ങളിൽ നഗരസഭയുടെ 'ഹയാക്കും' കസ്റ്റമർ സർവീസ് സെന്ററുകളിലും സഈദിന്റെ സേവനം ലഭ്യമാക്കുമെന്ന് കോർപറേറ്റ് സപ്പോർട്ട് സർവീസസ് സെക്ടർ ആക്ടിങ് സി.ഇ.ഒ സയ്യിദ് ഇസ്മായിൽ അൽ ഹാഷിമി പറഞ്ഞു. മികച്ച ഡിജിറ്റൽ പരിഹാരങ്ങളിലൂടെ ജനങ്ങൾക്ക് കൂടുതൽ എളുപ്പത്തിൽ സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് ദുബായുടെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.