അനധികൃത ഗ്യാസ് സിലിണ്ടറുകൾ വിൽക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി ദുബായ് പൊലീസ്

 

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും കൃത്യമായ ലൈസൻസില്ലാതെയും ഗ്യാസ് സിലിണ്ടറുകൾ വിൽക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി ദുബായ് പൊലീസ്. ഈ വർഷം ആദ്യ 5 മാസത്തിനിടെ മാത്രം 300 ഗ്യാസ് സിലിണ്ടർ പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ വർഷം 575 സിലിണ്ടറുകളും 2024ൽ 1,361 സിലിണ്ടറുകളുമാണ് ഇത്തരത്തിൽ പിടിച്ചെടുത്തത്.പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനായി രാജ്യത്തെ അംഗീകൃത കമ്പനികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മാത്രമേ ഗ്യാസ് സിലിണ്ടറുകൾ വാങ്ങാവൂ എന്ന് ദുബായ് പൊലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെന്റിന് കീഴിലുള്ള ആന്റി ഇക്കണോമിക് ക്രൈംസ് വിഭാഗം ആവശ്യപ്പെട്ടു.

നിങ്ങളുടെയും കുടുംബത്തിന്റെയും സുരക്ഷയ്ക്കാണ് മുൻഗണന എന്ന പേരിൽ പൊലീസ് നടത്തുന്ന ബോധവൽക്കരണ ക്യാംപെയിന്റെ ഭാഗമായാണ് ഈ മുന്നറിയിപ്പ്. അനധികൃത വിൽപ്പനക്കാർ തികച്ചും പ്രാകൃത രീതിയിലാണ് സിലിണ്ടറുകളിൽ വാതകം നിറയ്ക്കുന്നത്. ഇത് വേനൽക്കാലത്ത് ചൂട് കൂടുമ്പോൾ വീടുകൾക്കുള്ളിൽ വലിയ രീതിയിലുള്ള തീപിടിത്തങ്ങൾക്കും പൊട്ടിത്തെറികൾക്കും കാരണമായേക്കാം. ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കും. അനധികൃത രീതികൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് പൊലീസ് ആപ്പിലെ 'പൊലീസ് ഐ' സംവിധാനം വഴിയോ 901 എന്ന നമ്പറിൽ വിളിച്ചോ വിവരങ്ങൾ അറിയിക്കണമെന്നും അഭ്യർഥിച്ചു.