90 ഇ-സ്കൂട്ടറുകൾ ദുബായ് പിടിച്ചെടുത്ത് ദുബായ് പൊലീസ്

 

ശീതകാലത്തിന്റെ കുളിരിലേക്ക് ഉണർന്ന കൈറ്റ് ബീച്ചിലെ സ്പോർട്സ് ട്രാക്കുകളിൽ അഭ്യാസപ്രകടനങ്ങൾ നടത്തിയ 90 പേർക്കെതിരെ ദുബായ് പൊലീസ് ശക്തമായ നടപടി സ്വീകരിച്ചു. അപകടകരമായ രീതിയിൽ ഇ-സ്കൂട്ടറുകൾ ഓടിക്കുകയും അഭ്യാസങ്ങൾ കാട്ടുകയും ചെയ്തവരുടെ വാഹനങ്ങൾ പിടിച്ചെടുത്തു. വിനോദസഞ്ചാരികളും കുടുംബങ്ങളും ധാരാളമായി എത്തുന്ന ബീച്ചുകളിൽ പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരം പ്രവണതകളോട് വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് പൊലീസ് വ്യക്തമാക്കി.
അവധിക്കാലമായതോടെ രാത്രികാലങ്ങളിൽ കാൽനടയാത്രക്കാരും സൈക്കിൾ സവാരിക്കാരും ട്രാക്കുകളിൽ സജീവമാണ്. ഇതിനിടയിലാണ് നിയമങ്ങൾ കാറ്റിൽപ്പറത്തി ചിലർ സാഹസിക പ്രകടനങ്ങളുമായി ഇറങ്ങുന്നത്. ഇ-സ്കൂട്ടറുകളുടെ ദുരുപയോഗം കാരണം ഈ വർഷം ആദ്യ അഞ്ചു മാസത്തിനിടെ മാത്രം 13 ജീവനുകളാണ് ദുബായ് നിരത്തുകളിൽ പൊലിഞ്ഞത്. കഴിഞ്ഞ വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ 254 അപകടങ്ങളിലായി 10 പേർ മരിക്കുകയും 259 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ഇ-സ്കൂട്ടറുകളുടെയും ഇ-ബൈക്കുകളുടെയും വർധിച്ചുവരുന്ന നിയമലംഘനങ്ങൾ ജനവാസ കേന്ദ്രങ്ങളിലും വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ഇതിനെത്തുടർന്ന് വിക്ടറി ഹൈറ്റ്‌സ്, ജെബിആർ തുടങ്ങിയ മേഖലകളിൽ ഇവയ്ക്ക് ഇതിനകം നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സ്കൂൾ അവധിക്കാലമായതിനാൽ കുട്ടികൾ വാഹനങ്ങളുമായി നിരത്തിലേക്കിറങ്ങുന്നത് അപകടങ്ങൾ വർധിപ്പിക്കുന്നുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

രക്ഷിതാക്കൾ കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് റോഡ് സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കുട്ടികൾ മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും നിശ്ചിത ട്രാക്കുകളിൽ മാത്രമാണ് വാഹനം ഓടിക്കുന്നതെന്നും ഉറപ്പുവരുത്തേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്. അശ്രദ്ധമായി വാഹനം ഓടിക്കുന്നവർക്കെതിരെ വരുംദിവസങ്ങളിലും പരിശോധന കർശനമാക്കാനാണ് ദുബായ് പൊലീസിന്റെ തീരുമാനം.