കുട്ടികളുടെ ഓൺലൈൻ ഗെയിമിങ്: രക്ഷിതാക്കൾക്ക് ജാഗ്രതാ നിർദേശവുമായി ദുബായ് പൊലീസ്

 

 

വേനലവധിക്കാലത്ത് കുട്ടികൾ ഓൺലൈൻ ഗെയിമുകളിലും ഇലക്ട്രോണിക് ഗെയിമിങ് പ്ലാറ്റ്ഫോമുകളിലും കൂടുതൽ സമയം ചെലവഴിക്കുന്ന സാഹചര്യത്തിൽ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസ്. ഗെയിമുകൾക്കിടയിൽ ലഭിക്കുന്ന ചില ലിങ്കുകൾ കുട്ടികളെ അപരിചിതരുമായി സംഭാഷണത്തിലേക്ക് എത്തിച്ചേക്കാമെന്നും ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ രക്ഷിതാക്കൾ കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കണമെന്നും ദുബായ് പൊലീസിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഹ്യൂമൻ റൈറ്റ്സിനു കീഴിലെ ചൈൽഡ് ആൻഡ് വിമൻ പ്രൊട്ടക്‌ഷൻ വിഭാഗം മുന്നറിയിപ്പ് നൽകി.‘നമ്മുടെ കുട്ടികളുടെ സുരക്ഷ ഈ വേനൽക്കാലത്ത്’ എന്ന ബോധവൽക്കരണ ക്യാംപെയ്‌ന്റെ ഭാഗമായി പുറത്തിറക്കിയ സന്ദേശത്തിലാണ് രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകിയത്. വിനോദത്തിനായി ഉപയോഗിക്കുന്ന ഗെയിമിങ് ലിങ്കുകൾക്കു പിന്നിൽ പ്രതീക്ഷിക്കാത്ത അപകടങ്ങൾ ഒളിഞ്ഞിരിക്കാമെന്ന് വിഭാഗം ചൂണ്ടിക്കാട്ടി. ചില ലിങ്കുകൾ അപരിചിതരുമായി നേരിട്ടോ ഓൺലൈനായോ ആശയവിനിമയം നടത്തുന്നതിനുള്ള അവസരങ്ങളിലേക്ക് കുട്ടികളെ നയിച്ചേക്കാം. കുട്ടികൾ എന്താണ് ബ്രൗസ് ചെയ്യുന്നതെന്നും ഗെയിമിനിടെ ഏതെല്ലാം ലിങ്കുകളാണ് തുറക്കുന്നതെന്നും രക്ഷിതാക്കൾ നിരന്തരം ശ്രദ്ധിക്കണമെന്നും പൊലീസ് നിർദേശിച്ചു. കുട്ടികൾ ഓൺലൈൻ ഗെയിമുകൾ ഉപയോഗിക്കുമ്പോൾ കുടുംബത്തിന്റെ മേൽനോട്ടം ഏറെ പ്രധാനമാണ്. ഗെയിമുകളുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് നേരിടേണ്ടിവരാവുന്ന അപകടസാധ്യതകളും സൈബർ കുറ്റകൃത്യങ്ങളും ഒഴിവാക്കാൻ അവർ സന്ദർശിക്കുന്ന ഉള്ളടക്കവും തുറക്കുന്ന ലിങ്കുകളും നിരീക്ഷിക്കണം. സുരക്ഷിതമല്ലാത്ത ഉള്ളടക്കത്തിൽനിന്നും അപരിചിതരുമായുള്ള ആശയവിനിമയത്തിൽനിന്നും കുട്ടികളെ സംരക്ഷിക്കാൻ രക്ഷിതാക്കളുടെ ഇടപെടൽ സഹായിക്കും.