ബീച്ചുകളിലേക്ക് പോകുന്നവർക്ക് മുന്നറിയിപ്പുമായി ദുബായ് പൊലീസ്

 

 

വേനൽക്കാലത്ത് ബീച്ചുകൾ സന്ദർശിക്കുന്നവർ വ്യക്തിഗത വിവരങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും സുരക്ഷിതമായി സൂക്ഷിക്കണമെന്ന് ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്. ബീച്ചുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിനും പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനുമായി നടപ്പിലാക്കുന്ന പ്രത്യേക സുരക്ഷാ പ്രചാരണത്തിന്റെ ഭാഗമായാണ് നിർദേശം.ഫോണുകൾ, വാലറ്റുകൾ, സ്വർണാഭരണങ്ങൾ, പണം തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കൾ ശ്രദ്ധയില്ലാതെ ബീച്ചുകളിൽ ഉപേക്ഷിക്കരുതെന്ന് പൊലീസ് നിർദേശിക്കുന്നു. അനാവശ്യമായ വിലപിടിപ്പുള്ള സാധനങ്ങൾ ബീച്ചുകളിലേക്ക് കൊണ്ടുവരാതെ വീട്ടിൽ തന്നെ സൂക്ഷിക്കുന്നതാണ് ഉചിതം. വാഹനം പാർക്ക് ചെയ്ത് പുറത്തിറങ്ങുമ്പോൾ വാതിലുകൾ കൃത്യമായി പൂട്ടിയിട്ടുണ്ടെന്നും ജനലുകൾ പൂർണമായി അടച്ചിട്ടുണ്ടെന്നും ഡ്രൈവർമാർ ഉറപ്പുവരുത്തണം. കുറഞ്ഞ സമയത്തേക്കാണ് മാറിനിൽക്കുന്നതെങ്കിലും ഈ മുൻകരുതൽ പാലിക്കണം.

ബീച്ചുകളിലോ പരിസരങ്ങളിലോ സംശയകരമായ രീതിയിലുള്ള നീക്കങ്ങളോ നിയമവിരുദ്ധ പ്രവർത്തനങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ വൈകാതെ പൊലീസിനെ അറിയിക്കണം. ദുബായ് പൊലീസിന്റെ സ്മാർട്ട് ആപ്പിലെ ‘പൊലീസ് ഐ’ സൗകര്യം വഴിയോ 901 എന്ന നമ്പറിലോ ബന്ധപ്പെട്ട് വിവരങ്ങൾ നൽകാം.