സ്കൂൾ പ്രവേശന പ്രായപരിധി പരിഷ്കരിച്ച് ദുബായ്

 

 

ദുബായിലെ സ്കൂളുകളിൽ ഈ അധ്യയന വർഷം മുതൽ പുതിയ പ്രവേശന പ്രായപരിധി നിലവിൽ വന്നു. ഓഗസ്റ്റ്–സെപ്റ്റംബർ അധ്യയന വർഷം ആരംഭിക്കുന്ന സ്കൂളുകളിൽ കെജി, ഗ്രേഡ് 1 പ്രവേശനത്തിനുള്ള പ്രായപരിധി ഡിസംബർ 31 ആക്കി. നേരത്തേ ഓഗസ്റ്റ് 31 ആയിരുന്നു കട്ട്-ഓഫ്. നിലവിൽ പഠിക്കുന്ന കുട്ടികളെ പുതിയ നിബന്ധന ബാധിക്കില്ല.2025–26ൽ പ്രവേശനത്തിന് അർഹത ലഭിക്കാതിരുന്ന 2021 സെപ്റ്റംബർ ഒന്നു മുതൽ ഡിസംബർ 31 വരെ ജനിച്ച കുട്ടികൾക്ക് 2026–27ൽ കെജി1 അല്ലെങ്കിൽ കെജി 2 തിരഞ്ഞെടുക്കാനുള്ള പ്രത്യേക ഇളവും നൽകിയിരുന്നു.

ഏപ്രിലിൽ അധ്യയനവർഷം ആരംഭിക്കുന്ന ഇന്ത്യൻ സ്കൂളുകളിൽ മാർച്ച് 31 തന്നെയാണ് കട്ട്-ഓഫ്. സ്കൂൾ മാറുകയോ വിദേശത്തുനിന്ന് ദുബായിലെത്തുകയോ ചെയ്യുന്ന കുട്ടികളെ പുതിയ പ്രായപരിധി മാത്രം അടിസ്ഥാനമാക്കി ക്ലാസിൽ പ്രവേശിപ്പിക്കില്ല. പഠിച്ചുതീർത്ത അവസാന ക്ലാസും അംഗീകൃത സർട്ടിഫിക്കറ്റ് തുല്യതാ നടപടികളും പരിഗണിച്ചായിരിക്കും ക്ലാസ് നിശ്ചയിക്കുക.