അബുദാബിയിലെ ടാക്സി നിരക്കുകൾ പരിഷ്കരിക്കാൻ ചർച്ചകൾ തുടങ്ങി ദുബായ് ടാക്സി കമ്പനി

 

 

145 കോടി ദിർഹത്തിന് നാഷണൽ ടാക്സിയെ പൂർണ്ണമായി ഏറ്റെടുത്തതിന് പിന്നാലെ, അബുദാബിയിലെ ടാക്സി നിരക്കുകൾ പരിഷ്കരിക്കുന്നത് സംബന്ധിച്ച് അബുദാബി സർക്കാരുമായി ദുബായ് ടാക്സി കമ്പനി (DTC) ചർച്ചകൾ ആരംഭിച്ചു. ദുബായിലെ നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ അബുദാബിയിലെ നിലവിലുള്ള ടാക്സി നിരക്കുകൾ കുറവാണെന്ന് ചൂണ്ടിക്കാണിച്ചാണ് നിരക്ക് വർധനയ്ക്കായുള്ള നീക്കം. എങ്കിലും നിരക്ക് പരിഷ്കരണത്തിൽ നിലവിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും അന്തിമ തീരുമാനം എടുക്കേണ്ടത് ബന്ധപ്പെട്ട സർക്കാർ അധികാരികളാണെന്നും ഡി.ടി.സി ഗ്രൂപ്പ് സി.ഇ.ഒ മൻസൂർ റഹ്മ അൽ ഫലാസി അറിയിച്ചു. ഏറ്റെടുക്കൽ പൂർത്തിയായതോടെ അബുദാബിയിലെ ടാക്സി വിപണിയുടെ 12 ശതമാനവും ദുബായിൽ 59 ശതമാനവും വിപണി വിഹിതം ഡി.ടി.സിക്ക് സ്വന്തമായി. യാത്രാ നിരക്കുകൾ പുനഃപരിശോധിക്കുന്നതിനായി ആവശ്യമായ സേവന-പ്രവർത്തന വിവരങ്ങൾ അധികാരികൾക്ക് കൈമാറുമെന്നും യാത്രക്കാർക്ക് വലിയ ഭാരമാകാത്ത രീതിയിലാകും നടപടികളെന്നും കമ്പനി വ്യക്തമാക്കി.