വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾക്കെതിരെ കർശന നടപടിയുമായി ദുബായ്
ദുബായ് ഭരണകൂടവുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകളോ വിവരങ്ങളോ പ്രസിദ്ധീകരിക്കുന്ന മാധ്യമസ്ഥാപനങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ദുബായ് ഗവൺമെന്റ് മീഡിയ ഓഫിസ് അറിയിച്ചു. ദുബായിലും യുഎഇയിലും നിലവിലുള്ള നിയമങ്ങളും നിയന്ത്രണ ചട്ടക്കൂടുകളും അനുസരിച്ചായിരിക്കും ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുകയെന്നും അധികൃതർ വ്യക്തമാക്കി.വാർത്തകളും വിവരങ്ങളും ഔദ്യോഗികവും വിശ്വസനീയവുമായ സ്രോതസ്സുകളിൽ നിന്ന് മാത്രം ശേഖരിക്കാൻ മാധ്യമങ്ങളും പൊതുജനങ്ങളും ശ്രദ്ധിക്കണമെന്ന് മീഡിയ ഓഫിസ് അഭ്യർഥിച്ചു. ഏതൊരു വിവരവും പ്രസിദ്ധീകരിക്കുന്നതിനോ പ്രചരിപ്പിക്കുന്നതിനോ മുൻപ് അതിന്റെ കൃത്യത ഉറപ്പുവരുത്തണം. സമൂഹമാധ്യമത്തിലൂടെയും മറ്റും അഭ്യൂഹങ്ങളും വ്യാജ വാർത്തകളും തെറ്റായ പത്രറിപോർട്ടുകളും പ്രചരിപ്പിക്കുന്നതിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും അധികൃതർ കർശന നിർദേശം നൽകി.