ദുബായിയുടെ ചരിത്രം ഇനി മായില്ല: 'അൽ മക്തൂം ആർക്കൈവ്‌സ്' സ്ഥാപിച്ച് ഷെയ്ഖ് മുഹമ്മദ്
ദുബായിയുടെയും അൽ മക്തൂം കുടുംബത്തിന്റെയും സമ്പന്നമായ സാംസ്കാരിക പൈതൃകവും ചരിത്രവും വരും തലമുറകൾക്കായി രേഖപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനുമായി 'അൽ മക്തൂം ആർക്കൈവ്‌സ്' സ്ഥാപിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനൊപ്പം ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ എക്സിക്യൂട്ടീവ് ഓഫീസിന്റെ മേൽനോട്ടത്തിലായിരിക്കും ഈ സ്ഥാപനം പ്രവർത്തിക്കുക. ദുബായിയെ ആഗോള സാംസ്കാരിക-സാമ്പത്തിക കേന്ദ്രമാക്കി മാറ്റുന്നതിൽ ഭരണാധികാരികൾ വഹിച്ച പങ്ക് രേഖപ്പെടുത്തുന്നതിനൊപ്പം അവരുടെ ജീവചരിത്രങ്ങൾ, ശേഖരങ്ങൾ, സാഹിത്യകൃതികൾ എന്നിവയെക്കുറിച്ചുള്ള സമഗ്രമായ വിവരശേഖരമായിരിക്കും ഈ ആർക്കൈവ്‌സ്. പ്രസിദ്ധീകരണങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ദുബായ് ഭരണാധികാരികളുടെ ബൗദ്ധികവും മാനുഷികവുമായ പൈതൃകം ഇത് ലോകത്തിന് മുന്നിൽ എത്തിക്കും. അൽ മക്തൂം ആർക്കൈവ്‌സ് ഒരു ദേശീയ ആർക്കൈവാണെന്നും വികസനം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്നതിനെക്കുറിച്ചുള്ള ഉൾക്കാഴ്ച നൽകുന്ന, ദുബായിലെ ഭരണചരിത്രത്തെക്കുറിച്ചുള്ള ഒരു തുറന്ന പുസ്തകമാണിതെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. നമ്മുടെ ദേശീയ ചരിത്രത്തെ ശക്തിപ്പെടുത്തുന്ന ഒരു പുതിയ സ്തംഭമായിരിക്കും ഈ ആർക്കൈവ്‌സ്. രാഷ്ട്രത്തെ സേവിക്കാൻ ജീവിതം സമർപ്പിച്ചവരുടെ നേതൃത്വഗുണത്തിന്റെയും മനുഷ്യത്വപരമായ അനുഭവങ്ങളുടെയും രഹസ്യങ്ങൾ തേടുന്നവർക്കുള്ള ഒരു റഫറൻസാണിത്. നമ്മുടെ ദേശീയ പൈതൃകം സംരക്ഷിക്കേണ്ടത് നമ്മുടെ കടമയും വരും തലമുറകളുടെ അവകാശവുമാണ്. ഒരു ഭരണാധികാരിയുടെ കഥ അദ്ദേഹത്തിന്റെ ജനതയുടെ കഥയിൽനിന്ന് വേർപെടുത്താനാവാത്തതാണെന്നും പറഞ്ഞു.
∙ 'റാഷിദ് ദ് ലീഡർ' -ചരിത്രരേഖകളും പ്രദർശനങ്ങളും
ചടങ്ങിൽ 'റാഷിദ് ദി്ലീഡർ' എന്ന ഹ്രസ്വ ഡോക്യുമെന്ററിയും ദുബായ് ഭരണാധികാരികളെക്കുറിച്ചുള്ള വീഡിയോയും പ്രദർശിപ്പിച്ചു. അൽ മക്തൂം കുടുംബവൃക്ഷം, 1894 മുതലുള്ള ദുബായ് ഭരണാധികാരികളുടെ ചിത്രങ്ങൾ, പുസ്തക ശേഖരങ്ങൾ എന്നിവയും ചടങ്ങിന്റെ ഭാഗമായി പ്രദർശിപ്പിച്ചു. മുൻപ് കണ്ടിട്ടില്ലാത്ത ഷെയ്ഖ് മക്തൂം ബിൻ ഹാഷർ അൽ മക്തൂമിന്റെയും ഷെയ്ഖ് ബുത്തി ബിൻ സുഹൈൽ അൽ മക്തൂമിന്റെയും ചരിത്രപരമായ ചിത്രങ്ങളും പ്രദർശനത്തിലുണ്ടായിരുന്നു.
ആർക്കൈവ്‌സിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചും ഷെയ്ഖ് മുഹമ്മദിന് വിശദീകരണം നൽകി. ഇതിന്റെ പ്രവർത്തനങ്ങൾക്കായി ദേശീയ തലത്തിൽ വിദഗ്ധരായവരെ പരിശീലിപ്പിക്കും. ദുബായ് ഭരണാധികാരിയുടെ നേതൃത്വപരമായ, രാഷ്ട്രീയ, സാമൂഹിക പൈതൃകത്തിൽ താൽപര്യമുള്ള ഗവേഷകർക്കും അക്കാദമിക് വിദഗ്ധർക്കുമുള്ള ഒരു പ്രാഥമിക റഫറൻസായും ഇത് പ്രവർത്തിക്കും.
ദുബായ് ഭരണാധികാരി എന്ന നിലയിൽ അൽ മക്തൂം ആർക്കൈവ്‌സ് ഫൗണ്ടേഷന്റെ ഡയറക്ടർ ബോർഡ് സ്ഥാപിച്ചുകൊണ്ട് ഷെയ്ഖ് മുഹമ്മദ് 2025-ലെ ഉത്തരവ് നമ്പർ (44) പുറത്തിറക്കി. എക്സിക്യൂട്ടീവ് ഓഫീസ് ചെയർമാനായിരിക്കും ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അധ്യക്ഷൻ. ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ സെക്രട്ടറി ജനറൽ, ദുബായ് മുനിസിപാലിറ്റി ഡയറക്‌ടർ ജനറൽ, ദുബായ് കൾചർ ആൻഡ് ആർട്‌സ് അതോറിറ്റി ഡയറക്‌ടർ ജനറൽ എന്നിവരുൾപ്പെടെയുള്ളവരാണ് ബോർഡിലെ മറ്റ് അംഗങ്ങൾ.
ദുബായുടെ യാത്ര വെറുമൊരു സാമ്പത്തിക വിജയഗാഥയോ നഗരവികസനത്തിന്റെ കഥയോ മാത്രമല്ലെന്നും ജനങ്ങളെ സേവിക്കുന്നതിനായി ജീവിതം നയിച്ച ഭരണാധികാരികളുടെ മനുഷ്യത്വപരമായ കഥ കൂടിയാണ് ഇതെന്നും മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ലൈബ്രറി ഫൗണ്ടേഷൻ ചെയർമാൻ മുഹമ്മദ് അഹമ്മദ് അൽ മുർ പറഞ്ഞു.