കുട്ടികൾക്കായി മധ്യപൂർവേഷ്യയിലെ ആദ്യ സൈക്ലിങ് പാത ദുബായിലെ മുഷ്‌രിഫ് നാഷനൽ പാർക്കിൽ

 
കുട്ടികൾക്കായി മധ്യപൂർവേഷ്യയിലെ തന്നെ ആദ്യത്തെ സൈക്ലിങ് പാത ദുബായിലെ മുഷ്‌രിഫ് നാഷനൽ പാർക്കിൽ തുറന്നു. ‘യങ് റേഞ്ചേഴ്സ് സൈക്ലിങ് ട്രെയ്ൽ’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി മുഷ്‌രിഫ് ഹബ്ബിന്റെ ഭാഗമായാണ് ദുബായ് മുനിസിപ്പാലിറ്റി ഒരുക്കിയിരിക്കുന്നത്. ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിന്റെ ഭാഗമായി ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും കുടുംബങ്ങൾക്കായി പ്രകൃതിയോട് ചേർന്നുള്ള വിനോദസൗകര്യങ്ങൾ ഒരുക്കുന്നതിനുമാണ് ഇതിലൂടെ മുൻഗണന നൽകുന്നത്.
കുട്ടികൾക്കായി ഒരു വനയാത്ര
12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി പ്രത്യേകം രൂപകൽപന ചെയ്ത ഈ പാതയ്ക്ക് 1.5 കിലോമീറ്റർ നീളമുണ്ട്. എമിറേറ്റിലെ ഏറ്റവും വലിയ ഗാഫ് മരക്കാടുകൾക്കിടയിലൂടെയാണ് ഈ സൈക്ലിങ് ട്രാക്ക് കടന്നുപോകുന്നത്. കുട്ടികളുടെ ശാരീരിക ശേഷിയും ഉയരവും കണക്കിലെടുത്ത് സുരക്ഷിതമായ രീതിയിലാണ് ഇതിന്റെ നിർമാണം. സൈക്കിൾ ചവിട്ടാൻ പുതുതായി പഠിക്കുന്നവർക്ക് ആത്മവിശ്വാസം നൽകുന്നതിനൊപ്പം ബാലൻസിങ്, നിയന്ത്രണം എന്നിവ മെച്ചപ്പെടുത്താനും ഈ പാത സഹായിക്കും.