എബോള ഭീതി: ജാഗ്രതാ നിർദ്ദേശം പുറത്തിറക്കി ഒമാൻ
May 25, 2026, 13:02 IST
കോൺഗോ ജനാധിപത്യ റിപ്പബ്ലിക്കിലും ഉഗാണ്ടയിലും എബോള വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിൽ ഒമാനിൽ സർവീസ് നടത്തുന്ന വിമാനക്കമ്പനികൾക്കും യാത്രക്കാർക്കും സിവിൽ ഏവിയേഷൻ അതോറിറ്റി ജാഗ്രതാ നിർദേശം പുറത്തിറക്കി. 'ബുന്ദിബുഗ്യോ' വൈറസ് വകഭേദവുമായി ബന്ധപ്പെട്ട് മേയ് 24-ന് പുറത്തിറക്കിയ സർക്കുലറിൽ ലോകാരോഗ്യ സംഘടനയുടെ ശുപാർശകളും ആഗോള ആരോഗ്യ മുന്നറിയിപ്പുകളും അടിസ്ഥാനമാക്കിയാണ് നിർദേശം പുറത്തിറക്കിയതെന്ന് അധികൃതർ വ്യക്തമാക്കി.ഒമാനിലെ മെഡിക്കൽ റെസ്പോൺസ് വിഭാഗവുമായി സഹകരിച്ചാണ് നിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. രോഗവ്യാപനം തടയുന്നതിനായി ഒമാനിലേക്കും തിരിച്ചും സർവീസ് നടത്തുന്ന എല്ലാ വിമാനക്കമ്പനികളും രോഗബാധിത പ്രദേശങ്ങളിലേക്കോ അവിടെ നിന്ന് വരുന്ന യാത്രക്കാരും കർശന ആരോഗ്യ മുൻകരുതലുകൾ പാലിക്കണമെന്ന് നിർദേശത്തിൽ പറയുന്നു. എബോള ബാധിത പ്രദേശങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. അതോടൊപ്പം, പ്രാദേശിക ആരോഗ്യ വകുപ്പുകളും ലോകാരോഗ്യ സംഘടനയും പുറത്തിറക്കുന്ന ആരോഗ്യ മുന്നറിയിപ്പുകൾ നിരന്തരം പിന്തുടരണമെന്നും അധികൃതർ ആവശ്യപ്പെട്ടു.