ബലിപെരുന്നാൾ: ദുബായിൽ മെട്രോ സർവീസുകൾ നീട്ടി; പാർക്കിങ് സൗജന്യം

 
ബലിപെരുന്നാൾ അവധിക്കാലത്തെ പൊതുഗതാഗത സംവിധാനങ്ങളുടെയും കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങളുടെയും പ്രവർത്തന സമയക്രമം ദുബായ് റോഡ് ഗതാഗത അതോറിറ്റി (ആർടിഎ) പ്രഖ്യാപിച്ചു. ദുബായിലെ മൾട്ടി സ്റ്റോറി പാർക്കിങ്ങുകൾ ഒഴികെയുള്ള എല്ലാ പൊതുപാർക്കിങ് കേന്ദ്രങ്ങളും ഈ മാസം 25 മുതൽ 29 വരെ സൗജന്യമായിരിക്കും. ശനിയാഴ്ച മുതൽ പതിവുപോലെ നിരക്ക് ഈടാക്കിത്തുടങ്ങുംപെരുന്നാൾ തിരക്ക് പ്രമാണിച്ച് ദുബായ് മെട്രോയുടെയും ട്രാമിന്റെയും സർവീസ് സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. മെട്രോ റെഡ്, ഗ്രീൻ ലൈനുകൾ തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിലും കൂടാതെ ശനിയാഴ്ചകളിലും രാവിലെ 5 മുതൽ പിറ്റേന്ന് പുലർച്ചെ 1 വരെ സർവീസ് നടത്തും. ഞായറാഴ്ചകളിൽ രാവിലെ 8 മുതൽ പിറ്റേന്ന് പുലർച്ചെ 1 വരെയായിരിക്കും മെട്രോ സർവീസ്. ദുബായ് ട്രാം തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിലും ശനിയാഴ്ചകളിലും രാവിലെ 6 മുതൽ പിറ്റേന്ന് പുലർച്ചെ 1 വരെയും ഞായറാഴ്ചകളിൽ രാവിലെ 9 മുതൽ പിറ്റേന്ന് പുലർച്ചെ 1 വരെയും സർവീസ് നടത്തും.അവധിക്കാലത്തെ ദുബായ് ബസ് സമയവിവരങ്ങൾ അറിയാൻ പൊതുജനങ്ങൾ സ്മാർട്ട് ആപ്ലിക്കേഷൻ പരിശോധിക്കേണ്ടതാണ്. എന്നാൽ നാളെ(23) മുതൽ 31 വരെ അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്നുള്ള ഇ100 നമ്പർ അബുദാബി ബസ് സർവീസ് ഉണ്ടായിരിക്കില്ലെന്ന് പ്രത്യേകം ഓർമിപ്പിച്ചു. ഈ ദിവസങ്ങളിൽ അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവർ ഇബ്ൻ ബത്തൂത്ത ബസ് സ്റ്റേഷനിൽ നിന്നുള്ള ഇ101 നമ്പർ ബസ് സർവീസ് പ്രയോജനപ്പെടുത്തണം. ജലഗതാഗത സർവീസുകളുടെ സമയക്രമം ആർടിഎയുടെ വെബ്‌സൈറ്റ് വഴിയും ക്യുആർ കോഡ് വഴിയും ലഭ്യമാകും.