ഒരുമയോടെ ഒമാനിൽ പെരുന്നാൾ ആഘോഷം

 

പ്രാർഥനാ മനസ്സുകളുമായി ബലി പെരുന്നാളിനെ വരേവറ്റ് ഒമാനിലെ വിശ്വാസി സമൂഹം. രാജ്യത്ത് എല്ലായിടത്തും വിപുലമായ പെരുന്നാളാഘോഷങ്ങൾ തുടരുകയാണ്. ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് ദാഖിലിയ ഗവർണറേറ്റിലെ നിസ്വ സുൽത്താൻ ഖാബൂസ് പള്ളിയിൽ പെരുന്നാൾ നിസ്‌കാരം നിർവഹിച്ചു.

ഒമാൻ ഔഖാഫ്, മതകാര്യ മന്ത്രി ഡോ. മുഹമ്മദ് ബിൻ സഈദ് അൽ മഅ്മരി പ്രാർഥനയ്ക്ക് നേതൃത്വം നൽകി. രാജ കുടുംബാംഗങ്ങൾ, ഉപപ്രധാന മന്ത്രി, മന്ത്രിമാർ, സുൽത്താന്റെ സായുധ സേനയുടെ കമാൻഡർമാർ, റോയൽ ഒമാൻ പൊലീസ്, മറ്റ് സുരക്ഷാ ഏജൻസികൾ, പൗരപ്രമുഖർ തുടങ്ങി നിരവധി പ്രമുഖർ പ്രാർഥനയിൽ പങ്കെടുത്തു.

രാജ്യത്തെങ്ങും രാവിലെ മസ്ജിദുകളിലും ഈദ് മുസ്വല്ലകളിലും പെരുന്നാൾ നിസ്‌കാരം നടന്നു. സ്നേഹ സൗഹൃദങ്ങൾ പങ്കുവച്ചും കുടുംബങ്ങളിൽ സന്ദർശനം നടത്തിയും സാഹോദര്യത്തിന്റെ സുദിനം വിശ്വാസികൾ ആചരിക്കുകയാണ്. സ്വദേശികൾക്കൊപ്പം രാജ്യത്തെ വിദേശി സമൂഹവും പെരുന്നാളാഘോഷങ്ങളിലാണ്.

അഞ്ച് ദിവസത്തെ അവധി ലഭിച്ചതിനാൽ സ്വദേശികളും വിദേശികളും കൂട്ടത്തോടെ യാത്രയിലാണ്. ഖരീഫ് സീസൺ ആരംഭിച്ചിട്ടില്ലെങ്കിലും സലാലയാണ് പ്രധാന സഞ്ചാര കേന്ദ്രം. സലാലയിലേക്ക് ഉല്ലാസയാത്രകൾ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി സംഘടനകളും കൂട്ടായ്മകളും ഈദ് സൗഹൃദ സംഗമങ്ങളും സാംസ്‌കാരിക സംഗമങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.