യുഎഇയിൽ കൂടുതൽ തുരങ്കപാതകൾ നിർമിക്കാൻ ഇലോൺ മസ്ക്കിന്റെ കമ്പനി, 300 കോടി ഡോളർ നിക്ഷേപം
യുഎഇയിൽ കൂടുതൽ മേഖലകളിൽ വാഹന ഗതാഗതത്തിനായി ഭൂഗർഭ പാതകൾ (ലൂപ്) നിർമിക്കുന്നതിന് പദ്ധതി പ്രഖ്യാപിച്ച് ഇലോൺ മസ്ക്കിന്റെ ദ് ബോറിങ് കമ്പനി. നിർമാണ ഘട്ടത്തിലുള്ള ദുബായ് ലൂപ്പിനു പുറമെയാണ് ഈ പാതകൾ. നിർദിഷ്ട ലൂപ്പുകളുടെ ആകെ ദൂരം 150 കിലോമീറ്ററാണ്. യുഎഇ കമ്പനികളിൽ നിന്നു നിക്ഷേപം സമാഹരിച്ചാണ് പണം കണ്ടെത്തുന്നത്.യുഎഇയിലെ വിവിധ കമ്പനികൾ ചേർന്ന് ദ് ബോറിങ് കമ്പനിയിൽ 300 കോടി ഡോളർ നിക്ഷേപിക്കും. തിരക്കേറിയ പ്രദേശങ്ങളിൽ നിലവിലെ റോഡുകൾ ഒഴിവാക്കി ഭൂഗർഭ തുരങ്കപാതയാണ് ബോറിങ് കമ്പനിയുടെ ലൂപ്. ഒരു വശത്തേക്കു മാത്രമാവും ഗതാഗതം അനുവദിക്കുക.
സ്ഥലത്തെ പ്രധാന കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി തുരങ്കപാത കടന്നുപോകും. ലൂപ്പിൽ ഓരോ കേന്ദ്രങ്ങളിലും പ്രത്യേക സ്റ്റേഷനുകൾ ഉണ്ടാകും. ലൂപ്പിൽ കയറുന്ന വാഹനങ്ങൾക്ക് സ്റ്റേഷനുകളിലൂടെ പുറത്തേക്ക് കടക്കാം. ഇ–കാറുകളാണ് ലൂപ്പിൽ അനുവദിക്കുക. മടക്കയാത്രയ്ക്കായി പ്രത്യേക ലൂപ്പുണ്ട്. നിലവിലെ ദുബായ് ലൂപ്പിനെ ഉദാഹരണമായി എടുത്താൽ, ദുബായ് മാളിനും ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്ററിനും (ഡിഐഎഫ്സി) ഇടയിൽ 6.4 കിലോമീറ്ററാണ് ലൂപ്പിനുള്ളത്.
നിലവിൽ ഇരുസ്ഥലങ്ങളെയും റോഡുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിലും വലിയ ഗതാഗതക്കുരുക്ക് കടന്നു വേണം ഓരോ സ്ഥലങ്ങളിലും എത്താൻ. എന്നാൽ, ലൂപ്പിൽ ഗതാഗതക്കുരുക്ക് ഉണ്ടാകില്ല. റെയിൽ ലൈൻ പോലെ കാറുകൾക്ക് മാത്രമായി ഒരു പാത. 6.4 കിലോമീറ്റർ ദൂരത്തിൽ ബുർജ് ഖലീഫ, ഡിഐഎഫ്സി 2, സബീൽ ദുബായ് മാൾ പാർക്കിങ്, ഐസിഡി ബ്രൂക്ക്ഫീൽഡ് പ്ലേസ് എന്നീ 4 സ്റ്റേഷനുകളുണ്ട്.