എമിറേറ്റ്‌സിന്റെ ജനപ്രിയ എ380 വിമാനങ്ങൾ രാജ്യതലസ്ഥാനത്തേക്ക്

 

 

ഒക്ടോബർ 25 മുതൽ ദുബായ്-ഡൽഹി റൂട്ടിൽ തങ്ങളുടെ ജനപ്രിയ എയർബസ് എ380 വിമാനങ്ങൾ സർവീസ് ആരംഭിക്കുമെന്ന് പ്രമുഖ യുഎഇ വിമാനക്കമ്പനിയായ എമിറേറ്റ്‌സ് അറിയിച്ചു. ഇതോടെ മുംബൈയ്ക്കും ബെംഗളൂരുവിനും ശേഷം എ380 വിമാനങ്ങൾ സർവീസ് നടത്തുന്ന ഇന്ത്യയിലെ മൂന്നാമത്തെ നഗരമായി രാജ്യതലസ്ഥാനമായ ഡൽഹി മാറും.പ്രീമിയം ഇക്കോണമി ഉൾപ്പെടെ നാല് ക്ലാസുകളുള്ള അത്യാധുനിക എ380 വിമാനമാകും ഈ റൂട്ടിൽ സർവീസ് നടത്തുക. ഡൽഹിയിലേക്കുള്ള മറ്റ് മൂന്ന് പ്രതിദിന സർവീസുകൾക്കായി നവീകരിച്ച ബോയിങ് 777 വിമാനങ്ങളും എമിറേറ്റ്‌സ് ഉപയോഗിക്കും.

ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്രാക്കാരുടെ വർധിച്ചുവരുന്ന തിരക്ക് കണക്കിലെടുത്താണ് എ380 വിമാനങ്ങൾ ഡൽഹി റൂട്ടിലേക്ക് കൂടി വ്യാപിപ്പിക്കുന്നതെന്ന് എമിറേറ്റ്‌സ് ഡപ്യൂട്ടി പ്രസിഡന്റും ചീഫ് കൊമേഴ്സ്യൽ ഓഫിസറുമായ അദ്നാൻ കാസിം പറഞ്ഞു.

∙ കൊച്ചി ഉൾപ്പെടെ 6 നഗരങ്ങളിലേക്ക് പ്രീമിയം ഇക്കോണമി
യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്രാനുഭവം ഒരുക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ ആറ് പ്രധാന നഗരങ്ങളിലേക്ക് എമിറേറ്റ്‌സ് തങ്ങളുടെ ‘പ്രീമിയം ഇക്കോണമി’ ക്ലാസ് സൗകര്യം വ്യാപിപ്പിക്കുന്നുണ്ട്. ഒക്ടോബർ അവസാനത്തോടെ ഡൽഹി, മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, കൊൽക്കത്ത എന്നിവയ്ക്ക് പുറമെ കൊച്ചിയും ഈ പട്ടികയിൽ ഉൾപ്പെടും.