വനിതകളുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കേണ്ട ബാധ്യത തൊഴിലുടമയ്ക്കാണെന്ന് യുഎഇ
Jun 8, 2026, 16:42 IST
വനിതകളുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കേണ്ട ബാധ്യത തൊഴിലുടമയ്ക്കാണെന്ന് യുഎഇ മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരുമായ വനിതകൾക്ക് അവരുടെ ആവശ്യങ്ങൾക്ക് യോജിച്ച തൊഴിൽ അന്തരീക്ഷം സ്ഥാപനത്തിലുണ്ടായിരിക്കണം. വനിതാ ജീവനക്കാരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ചു വിവരം ലഭിച്ചാൽ 5 ദിവസത്തിനകം അവർക്കാവശ്യമായ സൗകര്യങ്ങൾ തൊഴിലുടമ ഒരുക്കണം.ഗർഭധാരണം, മുലയൂട്ടൽ, പ്രത്യുൽപാദനക്ഷമത എന്നിവയെ ബാധിച്ചേക്കാവുന്ന സാഹചര്യങ്ങൾ തൊഴിലിടങ്ങളിൽ ഇല്ലെന്നു തൊഴിലുടമ ഉറപ്പാക്കണം. ആരോഗ്യത്തെ ബാധിക്കുന്ന പ്രതികൂലഘടകങ്ങളോ തൊഴിൽ സാഹചര്യങ്ങളോ ഉണ്ടെങ്കിൽ നടപടി സ്വീകരിക്കണം. ശമ്പളത്തെയോ തൊഴിൽ അവകാശങ്ങളെയോ ബാധിക്കാത്ത തരത്തിൽ തൊഴിൽ സാഹചര്യങ്ങൾ പുനക്രമീകരിക്കുകയോ താൽക്കാലികമായി സുരക്ഷിതമായ ബദൽ ജോലികൾ നൽകുകയോ ചെയ്യണം.