ഊർജലാഭം: ഡേറ്റ സെന്ററുകളുടെ കാര്യക്ഷമത കൂട്ടാൻ യുഎഇ
ഡേറ്റ സെന്ററുകളുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിന് പുതിയ സാങ്കേതികവിദ്യകൾ വിലയിരുത്തി യുഎഇ ഊർജ അടിസ്ഥാന സൗകര്യ മന്ത്രാലയം. ഡേറ്റ സെന്ററുകൾ വലിയ അളവിൽ വൈദ്യുതി ഉപയോഗിക്കുന്നതിനാൽ അവയുടെ കാര്യക്ഷമത കൂട്ടി ഊർജലാഭം ഉറപ്പാക്കും.യുഎഇയിലെ ഉയർന്ന താപനിലയിൽ ഡേറ്റ സെന്ററുകൾ തണുപ്പിക്കാൻ അത്യാധുനിക ലിക്വിഡ് കൂളിങ്, ഇമേഴ്സൻ കൂളിങ് തുടങ്ങിയ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതും മന്ത്രാലയം പരിഗണിക്കുന്നുണ്ട്. ഡേറ്റ സെന്ററുകളുടെ പ്രവർത്തനം ഊർജമേഖലയെ എങ്ങനെ ബാധിക്കുന്നുവെന്ന് പഠിക്കാൻ പ്രത്യേക ദേശീയ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
നിർമിത ബുദ്ധി ഉപയോഗിച്ച് വൈദ്യുതി ഉപയോഗം സ്വയം ക്രമീകരിക്കുന്ന സംവിധാനങ്ങളും ഏർപ്പെടുത്തും. സൗരോർജം പോലുള്ള ഹരിത ഊർജ സ്രോതസ്സുകളെ ഡേറ്റ സെന്ററുകളുമായി ബന്ധിപ്പിക്കും. തണുപ്പിക്കൽ പ്രക്രിയയിൽ ജലത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിനുള്ള നൂതന രീതികളും ആവിഷ്കരിക്കും. യുഎഇയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലക്ഷ്യങ്ങൾക്കും ഊർജക്ഷമതയുള്ള ഡേറ്റ സെന്ററുകൾ അത്യന്താപേക്ഷിതമാണെന്നും മന്ത്രാലയ അണ്ടർ സെക്രട്ടറി ഷരീഫ് അൽ ഒലാമ പറഞ്ഞു.