യു.എ.ഇയിൽ ഇതിഹാദ് യാത്രാ ട്രെയിൻ സർവീസുകൾ ജൂൺ 30 മുതൽ

 

 

യു.എ.ഇ നിവാസികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന ഇതിഹാദ് റെയിൽ യാത്രാ സർവീസുകളുടെ തീയതി പ്രഖ്യാപിച്ചു. ഈ മാസം അവസാനം, അതായത് ജൂൺ 30 മുതൽ ഇതിഹാദ് റെയിലിന്റെ പ്രാരംഭ ഘട്ട ഓപ്പറേഷൻസ് ആരംഭിക്കും. അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കഴിഞ്ഞ ദിവസം അബുദാബിയിലെ 'മുഹമ്മദ് ബിൻ സായിദ് സിറ്റി പാസഞ്ചർ ട്രെയിൻ സ്റ്റേഷൻ' ഉദ്ഘാടനം ചെയ്തപ്പോഴാണ് ഈ ചരിത്ര പ്രഖ്യാപനം നടത്തിയത്.

ആദ്യ ഘട്ടത്തിൽ അബുദാബിയിൽ നിന്നും ഫുജൈറയിലേക്കാണ് സർവീസ് നടത്തുക. റോഡ് മാർഗ്ഗം മണിക്കൂറുകളെടുക്കുന്ന ഈ യാത്ര ഇനി വെറും 1 മണിക്കൂർ 45 മിനിറ്റുകൊണ്ട് പൂർത്തിയാക്കാം. കംഫർട്ട് ക്ലാസിന് 55 ദിർഹവും പ്രീമിയം ക്ലാസിന് 120 ദിർഹവുമാണ് പ്രാരംഭ ടിക്കറ്റ് നിരക്കുകൾ. ജൂൺ 23 മുതൽ വെബ്‌സൈറ്റ് വഴിയും ആപ്പ് വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

തുടർന്ന് ഘട്ടങ്ങളായായിരിക്കും മറ്റു സ്റ്റേഷനുകൾ തുറക്കുക. 2026 സെപ്റ്റംബറിൽ ദുബായ്, അൽ ദൈദ് സ്റ്റേഷനുകളും, ഡിസംബറിൽ അൽ ദഫ്ര സ്റ്റേഷനും തുറക്കും. 2027 മാർച്ചിൽ ഷാർജ സ്റ്റേഷൻ കൂടി പ്രവർത്തനമാരംഭിക്കുന്നതോടെ ഈ ശൃംഖല പൂർണ്ണമാകും. മികച്ച വൈ-ഫൈ സൗകര്യവും അത്യാധുനിക സജ്ജീകരണങ്ങളുമുള്ള ഈ ട്രെയിനുകൾ യു.എ.ഇയിലെ പൊതുഗതാഗത രംഗത്ത് വലിയൊരു വിപ്ലവത്തിനാണ് വഴിതുറക്കുന്നത്.