ഇത്തിഹാദ് റെയിൽ യാത്രക്കാർക്കായി അബുദാബിയിൽ 2 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു
ഇത്തിഹാദ് റെയിൽ പാസഞ്ചർ ട്രെയിൻ സർവീസുകളിൽ യാത്ര ചെയ്യുന്നവർക്കായി അബുദാബിയിൽ രണ്ട് പുതിയ ബസ് റൂട്ടുകൾ കൂടി പ്രഖ്യാപിച്ചു. യാത്രക്കാർക്ക് ട്രെയിൻ സ്റ്റേഷനിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് സംയോജിത ഗതാഗത കേന്ദ്രത്തിന്റെ ഈ പുതിയ നീക്കം.
MR1, MR2 എന്നീ പേരുകളിലുള്ള പുതിയ ബസ് റൂട്ടുകളാണ് ആരംഭിച്ചിരിക്കുന്നത്. അബുദാബിയിലെ പ്രധാന ഇത്തിഹാദ് റെയിൽ സ്റ്റേഷനായ മുഹമ്മദ് ബിൻ സായിദ് സിറ്റി ട്രെയിൻ സ്റ്റേഷനെ, നഗരത്തിലെ മറ്റ് പ്രധാന ബസ് ടെർമിനലുകളുമായി ഈ സർവീസുകൾ നേരിട്ട് ബന്ധിപ്പിക്കും. MR1 റൂട്ട് പ്രധാന ബസ് സ്റ്റേഷനെയും (Main Bus Station), MR2 റൂട്ട് അൽ സഹിയ ബസ് സ്റ്റേഷനെയും (Al Zahya Bus Station) ട്രെയിൻ സ്റ്റേഷനുമായി ഇരുവശങ്ങളിലേക്കും ബന്ധിപ്പിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ഇത്തിഹാദ് റെയിൽ യാത്രാ സർവീസുകൾ ആരംഭിച്ച പശ്ചാത്തലത്തിൽ, പൊതുഗതാഗത സംവിധാനങ്ങൾ തമ്മിലുള്ള പരസ്പര ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും യാത്രക്കാരുടെ യാത്രാസമയവും ബുദ്ധിമുട്ടുകളും കുറയ്ക്കാനും ഈ ബസ് റൂട്ടുകൾ സഹായിക്കും.