യുഎഇയിൽ ചികിത്സ തേടിയെത്തുന്ന വിദേശികൾക്ക് മികച്ച സേവനം

 
ചികിത്സയ്ക്കായി ദുബായിലെത്തുന്ന വിദേശ സന്ദർശകർക്ക് കൂടുതൽ സുഗമവും സമഗ്രവുമായ സേവനാനുഭവം ഒരുക്കുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും(ജിഡിആർഎഫ്എ) ദുബായ് ഹെൽത്ത് അതോറിറ്റിയും തന്ത്രപ്രധാനമായ ധാരണാപത്രത്തിൽ ഒപ്പുവച്ചു. ആരോഗ്യ ടൂറിസം രംഗത്ത് ദുബായുടെ ആഗോള നേതൃത്വവും മത്സരക്ഷമതയും കൂടുതൽ ശക്തിപ്പെടുത്താൻ ഈ സഹകരണം വഴിയൊരുക്കും. ജിഡിആർഎഫ്എ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറിയും ദുബായ് ഹെൽത്ത് അതോറിറ്റി ഡയറക്ടർ ജനറൽ ഡോ. അലാവി ഷെയ്ഖ് അലിയുമാണ് കരാറിൽ ഒപ്പുവച്ചത്.ചികിത്സയ്ക്കായി ദുബായിലേക്ക് എത്തുന്ന രോഗികളുടെ യാത്രയും താമസവും കൂടുതൽ എളുപ്പമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. രോഗി സ്വന്തം രാജ്യത്ത് നിന്ന് യാത്ര ആസൂത്രണം ചെയ്യുന്ന ഘട്ടം മുതൽ ചികിത്സയും തുടർപരിചരണവും പൂർത്തിയാകുന്നതുവരെ ആവശ്യമായ സേവനങ്ങൾ ഏകോപിപ്പിച്ച് നൽകാൻ ഇരു സ്ഥാപനങ്ങളും സംയുക്തമായി പ്രവർത്തിക്കും. മെഡിക്കൽ വീസ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനൊപ്പം താമസ, വീസ, ആരോഗ്യ സേവനങ്ങൾ എന്നിവയെ ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരുന്ന സംവിധാനവും ഇതിന്റെ ഭാഗമാകും. ദുബായ് ഇക്കണോമിക് അജണ്ട ഡി33, ദുബായ് സോഷ്യൽ അജണ്ട 33, “വി ദി യുഎഇ 2031” എന്നീ വികസന കാഴ്ചപ്പാടുകളുടെ ലക്ഷ്യങ്ങളുമായി ചേർന്നുനിൽക്കുന്നതാണ് ഈ പുതിയ സംരംഭം.