പ്രവാസി ലീഗൽ സെൽ റാസ് അൽ ഖൈമയിലേക്ക്; പുതിയ റീജണൽ യൂണിറ്റ് ഭാരവാഹികളെ പ്രഖ്യാപിച്ചു
പ്രവാസി ലീഗൽ സെൽ ഗ്ലോബലിന്റെ പ്രവർത്തന വിപുലീകരണത്തിന്റെ ഭാഗമായി റാസ് അൽ ഖൈമ റീജണൽ യൂണിറ്റ് രൂപീകരിക്കാൻ തീരുമാനിച്ചു. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റും സുപ്രീം കോടതി അഡ്വക്കേറ്റ് ഓൺ റെക്കോർഡുമായ അഡ്വ. ഡോ. ജോസ് അബ്രഹാമിന്റെ നേതൃത്വത്തിലാണ് പുതിയ ഭാരവാഹികളെ നിയമിച്ചത്. റാസ് അൽ ഖൈമയിലെ മലയാളി സമൂഹത്തിന് സുപരിചിതരും പ്രമുഖ സാമൂഹ്യ പ്രവർത്തകരുമായ ശ്രീധരൻ പ്രസാദ് അദ്ധ്യക്ഷനായും, എ.കെ. സേതുനാഥ് ജനറൽ സെക്രട്ടറിയായും പ്രവർത്തിക്കും. ജെ.ആർ.സി. ബാബുവാണ് ട്രഷറർ. അബ്ദുൽ നാസർ അൽദാന ഉപാദ്ധ്യക്ഷനായും, അരുൺ ചന്ദ്രൻ ജോയിന്റ് സെക്രട്ടറിയായും നിയമിതരായി. ഇവർക്ക് പുറമെ ഏഴ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തിട്ടുണ്ട്.
വിരമിച്ച ജഡ്ജിമാരും പ്രമുഖ അഭിഭാഷകരും സാമൂഹ്യ പ്രവർത്തകരുമാണ് പ്രവാസി ലീഗൽ സെല്ലിന് നേതൃത്വം നൽകുന്നത്. ലോകമെമ്പാടുമുള്ള ഇന്ത്യൻ പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ ഒന്നര പതിറ്റാണ്ടുകളായി ഡൽഹി ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന സർക്കാരിതര സംഘടനയാണിത്. വിദേശ ജോലികളുടെ മറവിൽ വർധിച്ചു വരുന്ന മനുഷ്യക്കടത്തുകൾ, പലിശ കെണിയിൽ അകപ്പെട്ടവർ, തൊഴിൽ തട്ടിപ്പിന് ഇരയായവർ, പൊതുപ്രവർത്തകരിൽ നിന്നും ദുരന്ത അനുഭവങ്ങൾ ഉണ്ടായവർ തുടങ്ങി നിരവധി പ്രവാസികൾക്ക് ഇതിനോടകം സംഘടനയുടെ നിയമപരമായ ഇടപെടലുകളിലൂടെ പ്രയോജനം ലഭിച്ചിട്ടുണ്ട്. വിദേശത്തേക്കുള്ള തൊഴിൽ തട്ടിപ്പുകൾ തടയാൻ കേരള ഹൈക്കോടതിയിൽ സമർപ്പിച്ച കേസിൽ അനുകൂല വിധി നേടാനും സംഘടനയ്ക്ക് കഴിഞ്ഞു. ഇതിന്റെ ഭാഗമായി കേരള സർക്കാർ നടപ്പിലാക്കിയ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ഉൾപ്പെടെയുള്ള സൗകര്യങ്ങളും നിലവിൽ പ്രാബല്യത്തിലുണ്ട്.
വിദേശപഠനത്തിനായി പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നിയമ പരിരക്ഷ ഉറപ്പുവരുത്താനായി കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടത് പ്രവാസി ലീഗൽ സെൽ നൽകിയ പൊതുതാൽപര്യ ഹർജിയിലായിരുന്നു. കോവിഡ് കാലത്തുമാത്രം പതിനഞ്ചിലധികം പൊതുതാൽപര്യ ഹർജികളാണ് പ്രവാസികളുടെ വിവിധ പ്രശ്നപരിഹാരത്തിനായി സംഘടന ഫയൽ ചെയ്തത്. നോർക്ക കെയർ ഇൻഷുറൻസ് പോളിസിയുമായി ബന്ധപ്പെട്ട് മൂന്നിരട്ടിയിലധികം വർദ്ധിച്ച പ്രീമിയം പുനഃപരിശോധിക്കാൻ കേരള സർക്കാരിന് നിർദ്ദേശം നൽകിയതും ലീഗൽ സെല്ലിന്റെ പൊതുതാൽപര്യ ഹർജിയിലാണ്. പൊതുപ്രവർത്തനത്തിന്റെ മറവിൽ നടക്കുന്ന തട്ടിപ്പുകൾ നേരിടുന്നതിനും പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിനുമായി കൂടുതൽ രാജ്യങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവും ബഹറിൻ ചാപ്റ്റർ അദ്ധ്യക്ഷനുമായ സുധീർ തിരുനിലത്ത് പത്രക്കുറിപ്പിൽ അറിയിച്ചു.