പാഠപുസ്തകങ്ങൾ പങ്കുവെക്കാൻ 'ബുക്ക് സ്വാപ്പ്' പദ്ധതിയുമായി പ്രവാസി വെൽഫെയർ

 

ബഹ്‌റൈനിലെ പ്രവാസി കുടുംബങ്ങളുടെ പഠനച്ചെലവ് കുറയ്ക്കാനും പാഠപുസ്തകങ്ങളുടെ പരമാവധി ഉപയോഗം ഉറപ്പാക്കാനുമായി പ്രവാസി വെൽഫെയറിന്റെ നേതൃത്വത്തിൽ ‘ബുക്ക് സ്വാപ്പ്’ ഷെയർ ദി നോളജ് പദ്ധതി പുനരാരംഭിച്ചു. പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിക്കുന്ന വിദ്യാർത്ഥികൾക്ക് കഴിഞ്ഞ വർഷത്തെ പുസ്തകങ്ങൾ കൈമാറാൻ ഈ പദ്ധതിയിലൂടെ സാധിക്കും. വിവിധ സ്കൂളുകളിലെ രക്ഷിതാക്കളെ ഉൾപ്പെടുത്തി രൂപീകരിച്ച വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയാണ് പുസ്തക കൈമാറ്റം ഏകോപിപ്പിക്കുന്നത്.

പുതിയ അധ്യയന വർഷത്തിൽ രക്ഷിതാക്കളുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനൊപ്പം പാഠപുസ്തകങ്ങളുടെ പുനരുപയോഗം പ്രോത്സാഹിപ്പിച്ച് പരിസ്ഥിതി സൗഹൃദമായ പഠനരീതി വളർത്തിയെടുക്കുകയുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രവാസി വെൽഫെയർ സെക്രട്ടറി സബീന അബ്ദുൽ ഖാദർ പറഞ്ഞു. മുൻ വർഷങ്ങളിൽ നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിച്ച ഈ മാതൃകാപരമായ പദ്ധതി വരും വർഷങ്ങളിൽ കൂടുതൽ സ്കൂളുകളിലേക്കും ക്ലാസുകളിലേക്കും വ്യാപിപ്പിക്കാനാണ് സംഘടന ലക്ഷ്യമിടുന്നത്.

സബീന അബ്ദുൽ ഖാദറിന്റെ നേതൃത്വത്തിൽ ഷഫ്ന തയ്യിബ്, ഷിജിന ആഷിഖ്, വഫ ഷാഹുൽ, ആബിദ നജ്മുദ്ദീൻ, സാബിറ നൗഫൽ എന്നിവരടങ്ങുന്ന സംഘമാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ബുക്ക് സ്വാപ്പ് പദ്ധതിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കാണുന്ന വാട്സ്ആപ്പ് ലിങ്ക് വഴി ഗ്രൂപ്പിൽ ജോയിൻ ചെയ്യാവുന്നതാണ്. ലിങ്ക്: https://chat.whatsapp.com/EaRZEixQ3e15rrKr1BYHMp