സ്പോൺസറില്ലാതെ ഇനി യുഎഇയിലെത്തി ജോലി അന്വേഷിക്കാൻ പ്രവാസികൾക്ക് അവസരം
പ്രാദേശിക സ്പോൺസറുടെയോ ഹോസ്റ്റിന്റെയോ സഹായമില്ലാതെ യുഎഇയിലെത്തി ജോലി അന്വേഷിക്കാൻ പ്രവാസികൾക്ക് അവസരം. സന്ദർശക വീസ ടു എക്സ്പ്ലോർ ജോബ് ഓപ്പർച്യൂണിറ്റീസ് എന്ന സേവനത്തിലൂടെയാണ് ഈ സൗകര്യം ലഭിക്കുന്നത്.ഇതുസംബന്ധിച്ച വിവരങ്ങൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബായ് അവരുടെ സമൂഹമാധ്യമ പേജുകളിൽ ഔദ്യോഗികമായി പങ്കുവച്ചു.
ജോലി അന്വേഷിക്കുന്നവരുടെ ആവശ്യാനുസരണം 60, 90, 120 ദിവസത്തെ കാലാവധിയിലുള്ള വീസയ്ക്ക് അപേക്ഷിക്കാം. എന്നാൽ നിർദിഷ്ട യോഗ്യതകൾ പാലിക്കുന്നവർക്ക് മാത്രമാണ് വീസ ലഭിക്കുക. അപേക്ഷകന് ബിരുദമോ തത്തുല്യ വിദ്യാഭ്യാസ യോഗ്യതയോ ഉണ്ടായിരിക്കണം.
∙ ആവശ്യമായ രേഖകൾ
കുറഞ്ഞത് ആറ് മാസം കാലാവധിയുള്ള പാസ്‌പോർട്ടിന്റെ പകർപ്പ്, വെള്ള പശ്ചാത്തലത്തിലുള്ള പുതിയ കളർ ഫോട്ടോ, അറ്റസ്റ്റ് ചെയ്ത വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ് എന്നിവയാണ് പ്രധാന രേഖകൾ. വീസ നടപടികളുടെ ഭാഗമായി സെക്യൂരിറ്റി ഡെപ്പോസിറ്റും നൽകണം.